ഇന്ന് നവംബര്‍ 1 കേരളപ്പിറവി. കേരള സംസ്ഥാന രൂപീകരണത്തിന് ഇന്ന് 66ാം പിറന്നാള്‍.

Spread the love

ഇന്ന് നവംബര്‍ 1 കേരളപ്പിറവി. കേരള സംസ്ഥാന രൂപീകരണത്തിന് ഇന്ന് 66 വയസാകുമ്പോള്‍ സാംസ്‌കാരികവും സാമൂഹ്യപരവുമായി കേരളം ഇന്ന് ഒരുപാട് മുന്നിലെത്തി നില്‍ക്കുന്നു. മലയാളമെന്ന ഒരൊറ്റ ഭാഷ സ്വത്തത്തിനൊപ്പം നില്‍ക്കുമ്പോഴും ശൈലികള്‍, ആഹാരം, മതേതരത്വം, വിശ്വാസം, കാര്‍ഷികരംഗം തുടങ്ങി കേരളത്തെ വ്യത്യസ്തമാക്കുന്നത് ഒട്ടേറെ വൈവിധ്യങ്ങള്‍ തന്നെയാണ്. 1956 നവംബര്‍ 1ന് വിവിധ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് രൂപീകരിക്കപ്പെട്ടതോടെയാണ് ‘കേരള’മുണ്ടാകുന്നത്. അങ്ങനെയത് കേരളപ്പിറവിയുമായി.
കൊവിഡ്, നിപ, പ്രളയം അടക്കമുള്ള പ്രതിസന്ധികളെ അതിജീവിച്ചുപോന്ന പോയ വര്‍ഷങ്ങള്‍. പ്രയാസങ്ങളെ മറികടന്ന് ഈ നാടെങ്ങനെയുണ്ടായി എന്ന ചിന്ത വീണ്ടുമൊരു ഓര്‍മപ്പെടുത്തല്‍ നല്‍കുകയാണ് കേരളപ്പിറവി വഴി. പലവിധവെല്ലുവിളികള്‍ക്കുമിടയില്‍ നമ്മുടെ സംസ്ഥാനത്തിന്റെ സംസ്‌കാരം, പൈതൃകം, ഭാഷ, സാഹിത്യം, കല എന്നീ മേഖലകളിലെല്ലാം അഭിമാനത്തോടെ പിറക്കുന്നുണ്ട് ഓരോ നേട്ടങ്ങളും. കേരളത്തിന്റെ രാഷ്ട്രീയം, സംസ്‌കാരം, വികസനം, കല തുടങ്ങി ഊറ്റംകൊണ്ട് അഭിമാനിക്കാന്‍ നിരവധിയുണ്ട്.

ചരിത്രം

പ്രകൃതിഭംഗി കൊണ്ട് അനുഗ്രഹീതമാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം.വൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമായ ഈ ഭൂപ്രദേശം ഭാഷയുടെ അടിസ്ഥാനത്തില്‍ ഒന്നായതിന്റെ ഓര്‍മപുതുക്കല്‍ ദിനമാണ് നവംബര്‍ ഒന്ന്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി നിലകൊണ്ട ഭൂപ്രദേശങ്ങളെ ഒത്തു ചേര്‍ത്ത് മലയാളം ഭാഷ സംസാരിക്കുന്നവര്‍ എന്ന നിലയില്‍ ഐക്യ കേരളം രൂപം കൊണ്ടിട്ട് ഇന്നേക്ക് 66 വര്‍ഷമാകുന്നു.
1947 ഓഗസ്റ്റ് 15ന് രാജ്യം ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ ഐക്യ കേരളത്തിനായുള്ള ആവശ്യം ഉയര്‍ന്നു വന്നു. അന്ന് വിവിധ ഭാഷകളും സംസ്‌ക്കാരങ്ങളും ഭരണസംവിധാനങ്ങളുമുള്ള നാട്ടുരാജ്യങ്ങളായിരുന്നു സ്വതന്ത്ര ഇന്ത്യ. അവയെ ഫെഡറല്‍ സംവിധാനത്തില്‍ ഭാഷയുടെ അടിസ്ഥാനത്തില്‍ ഒന്നിപ്പിച്ചപ്പോഴാണ് ഇന്ത്യ എന്ന ഇന്നത്തെ രാജ്യം രൂപീകൃതമായത്.
സംസ്ഥാന പുനഃസംഘടനാ നിയമമാണ് ഈ പുനഃസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങള്‍ക്കും ആധാരമായുള്ളത്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനര്‍സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവണ്‍മെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടു രാജ്യങ്ങള്‍, മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങള്‍ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് 1956 നവംബര്‍ ഒന്നിന് കേരള സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നവംബര്‍ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കുന്നത്.
1956ല്‍ കേരളം രൂപീകൃതമാകുമ്പോള്‍ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളില്‍ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. രൂപീകരണ സമയത്ത് കേരളത്തില്‍ വെറും 5 ജില്ലകള്‍ മാത്രമേ ഉണ്ടായിരുന്നൊള്ളു.എന്നിരുന്നാലും വിദ്യാഭ്യാസത്തില്‍ ഏറ്റവും മുന്‍പന്തിയിലായിരുന്നു കേരളം. ഫസല്‍ അലി തലവനായും സര്‍ദാര്‍ കെ.എം. പണിക്കര്‍, പണ്ഡിറ് ഹൃദയനാഥ് കുന്‍സ്രു എന്നിവര്‍ അംഗങ്ങളുമായുള്ള സംസ്ഥാന പുന:സംഘടനാ കമ്മീഷന്‍ രൂപവല്‍ക്കരിച്ചത് 1953ലാണ്. 1955സെപ്റ്റംബറില്‍ കമ്മീഷന്‍ കേന്ദ്ര ഗവണ്‍മെന്റിനു റിപ്പോര്‍ട്ടു സമര്‍പ്പിച്ചു. അതില്‍ കേരളസംസ്ഥാനരൂപവത്കരണത്തിനും ശുപാര്‍ശയുണ്ടായിരുന്നു.
തിരുവിതാംകൂറിലെ തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് എന്നീ നാലു താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു. ശേഷിച്ച തിരുവിതാം കൂര്‍ കൊച്ചി സംസ്ഥാനത്തോടു മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍കോടു താലൂക്കും ചേര്‍ക്കപ്പെട്ടു.ചുരുക്കത്തില്‍ കന്യാകുമാരി ജില്ല കേരളത്തിനു നഷ്ടപ്പെടുകയും ഗൂഡല്ലൂര്‍ ഒഴികെയുള്ള മലബാര്‍ പ്രദേശം കേരളത്തോടു ചേര്‍ക്കപ്പെടുകയും ചെയ്തു.
1956 നവംബര്‍ ഒന്നിനു ചിത്തിരതിരുനാള്‍ രാജപ്രമുഖ സ്ഥാനത്തുനിന്നും വിരമിച്ച ദിനം കൂടിയാണ്. സംസ്ഥാനത്തിന്റെ തലവനായി രാജ പ്രമുഖനു പകരം ബി. രാമകൃഷ്ണറാവു ആദ്യ ഗവര്‍ണറായി തിരുവിതാംകൂര്‍ കൊച്ചിയില്‍ പ്രസിഡന്റ്ഭരണം നിലവിലിരിക്കുമ്പോഴാണ് സംസ്ഥാന പുന:സംഘടന നടന്നത്. ജസ്റ്റിസ് കെ.ടി കോശിയായിരുന്നു സംസ്ഥാനത്തെ ആദ്യ ചീഫ് ജസ്റ്റിസ്. ആദ്യ ചീഫ് സെക്രട്ടറി എന്‍.ഇ.എസ്. രാഘവാചാരി. ആദ്യ പോലീസ് ഐ ജി എന്‍. ചന്ദ്രശേഖരന്‍നായര്‍. കേരള സംസ്ഥാനത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് 1957 ഫെബ്രുവരി 28നാണ് നടന്നത്. ആ തിരഞ്ഞെടുപ്പിലൂടെ ഇ എം എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.

Leave a Reply

Your email address will not be published. Required fields are marked *