ഷാരോണ്‍ കൊലപാതകത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പാറശ്ശാല എസ്.എച്ച്.ഒ.
തിരുവനന്തപുരം: ഷാരോണ്‍ കൊലപാതകത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പാറശ്ശാല എസ്.എച്ച്.ഒ. കേസിന്റെ ആദ്യഘട്ടത്തില്‍ പാറശാല പോലീസ് കൃത്യമായി ഇടപെട്ടുവെന്ന് സിഐ പറയുന്ന ശബ്ദരേഖ പുറത്തുവന്നു.
ഷാരോണിന് വയ്യാതായി ഏഴ് ദിവസം വരെ ബന്ധുക്കള്‍ പാറശാല സ്റ്റേഷനില്‍ വരികയോ പരാതി തരുകയോ ചെയ്തിട്ടില്ലെന്ന് കേസില്‍ തുടക്കം മുതലുള്ള അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച പാറശ്ശാല സിഐ പറയുന്നു. ‘മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഷാരോണിനെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ഷാരോണ്‍ എന്ന യുവാവ് അഡ്മിറ്റ് ആയിട്ടുണ്ടെന്നും ആരോഗ്യസ്ഥിതി മോശമാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മൊഴി എടുക്കുന്നത്. തനിക്ക് ആരും വിഷം നല്‍കിയിട്ടില്ലെന്ന് ഷാരോണ്‍ മരണമൊഴി തന്നു. താന്‍ സുഹൃത്തിന്റെ വീട്ടില്‍ പോയതാണ്. കുട്ടി തനിക്ക് ദോഷം വരുന്നത് ഒന്നും ചെയ്യില്ലെന്നും പരാതി ഇല്ലെന്നും ഷാരോണ്‍ പറഞ്ഞു.
പ്രഥമ ദൃഷ്ടിയാല്‍ വിഷം ഉള്ളില്‍ ചെന്നതായി അറിയാന്‍ കഴിയുന്നില്ലെന്ന് ഡോക്ടര്‍മാരും അറിയിച്ചു. കീടനാശിനി വല്ലതും ഉള്ളില്‍ ചെന്നിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്. ഈ സമയത്തും വീട്ടുകാര്‍ സംശയം പറയുന്നില്ല. 21ാം തിയതി വെള്ളിയാഴ്ചയാണ് പോലീസ് മൊഴിയെടുക്കുന്നത്. 25ാം തിയതി ചൊവ്വാഴ്ചയാണ് യുവാവ് മരിക്കുന്നത്. പിറ്റേന്ന് രാവിലെ വീട്ടുകാരെ സ്റ്റേഷനിലേയ്ക്ക് നിര്‍ബന്ധിച്ച് വിളിച്ചുവരുത്തുകയായിരുന്നു. രണ്ടുമൂന്ന് വട്ടം വിളിച്ചപ്പോഴാണ് സ്‌റ്റേഷനില്‍ വരുന്നത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ ഇട്ടു. വീട്ടുകാരുടെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ ചെന്ന് കുട്ടിയുടെയും അമ്മയുടെയും പ്രാഥമിക മൊഴി എടുത്തു. പിന്നീട് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചപ്പോഴാണ് അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കുന്നത്. വീണ്ടും പെണ്‍കുട്ടിയുടെ വീട്ടില്‍ ചെന്ന് മൊഴി എടുത്തു. ഇവരുടെ മൊഴിയില്‍ വൈരുധ്യം തോന്നി.
കഷായത്തിന്റെ കഥ കള്ളമാണെന്ന സംശയം പോലീസിന് വന്നു. തുടര്‍ന്ന് ഷാരോണിന്റെ ബന്ധുക്കളോടും സുഹൃത്തുക്കളോടും കാര്യം തിരക്കി. 29ന് ഉച്ചയ്ക്ക് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. 30ന് എസ്.പി ഓഫീസില്‍ ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ തീരുമാനിക്കുന്നു. പാറശ്ശാല പോലീസ് എടുത്തുവച്ചിരുന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷിക്കുകയും തെറ്റാണെന്ന് അവരോട് പറയുകയും ചെയ്തു. ഈ സമയം പെണ്‍കുട്ടിക്ക് മറുപടി ഇല്ലാതെയായി. ഒടുവിലാണ് പെണ്‍കുട്ടിക്ക് കുറ്റം സമ്മതിക്കേണ്ടി വന്നത്. പാറശ്ശാല പോലീസ് തുടങ്ങിവെച്ച ജോലി ജില്ലാ പോലീസ് പൂര്‍ത്തിയാക്കി. ഇത് പോലീസിന്റെ ടീം വര്‍ക്കാണ്. ഇതാണ് യഥാര്‍ഥത്തില്‍ സംഭവിച്ചത്. ഒരു അന്വേഷണം നടക്കുമ്പോള്‍ ഇരയുടെ ആള്‍ക്കാര്‍ക്ക് ഇപ്പോള്‍ തന്നെ പ്രതിയെ പിടിക്കണം, പിറ്റേദിവസം തന്നെ തൂക്കിക്കൊല്ലണം എന്നുള്ളത് അവരുടെ വികാരമാണ്. പോലീസിന് നിയമം അനുസരിച്ചും അതിന്റെ രീതി അനുസരിച്ചുമേ പോകാന്‍ സാധിക്കുകയുള്ളു’, സി.ഐ പറഞ്ഞു.
പോലീസ് സംഭവത്തെ നിസാരവത്കരിച്ചുവെന്നും മരണത്തില്‍ ദുരൂഹത കണ്ടില്ലെന്നുമാണ് ഉയരുന്ന ആരോപണങ്ങള്‍. നിര്‍ണായക തെളിവായ കഷായക്കുപ്പി കണ്ടെത്താന്‍ ശ്രമിച്ചിരുന്നില്ല. പെണ്‍കുട്ടിയോട് അനുകൂല നിലപാട് സ്വീകരിച്ച പോലീസ് വാട്‌സാപ്പ് ചാറ്റുകളില്‍ അന്വേഷണം നടത്തിയില്ല. അന്വേഷണ ഉദ്യോഗസ്ഥന്റെ ഇടപെടലുകളില്‍ ഷാരോണിന്റെ കുടുംബം നേരത്തേ ദൂരൂഹത ആരോപിച്ചിരുന്നു.