ന്യൂനപക്ഷ നിര്‍ണയം; കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നിലപാട് അറിയിച്ചിട്ടില്ലെന്ന് കേന്ദ്രം.

Spread the love

ന്യൂഡല്‍ഹി: ന്യൂനപക്ഷ മതവിഭാഗങ്ങളെ സംസ്ഥാന അടിസ്ഥാനത്തിലും ജില്ലാ അടിസ്ഥാനത്തിലും നിര്‍ണയിക്കുന്നതിന് മാര്‍ഗരേഖ തയ്യാറാക്കണമെന്ന ആവശ്യത്തില്‍ കേരളം ഉള്‍പ്പെടെ ഒരു ഡസണില്‍ അധികം സംസ്ഥാനങ്ങള്‍ നിലപാട് അറിയിച്ചില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ സംസ്ഥാനങ്ങളോട് ഉടന്‍ നിലപാട് അറിയിക്കാന്‍ നിര്‍ദേശിച്ചതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചു.
2004ലെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍ നിയമത്തിലെയും 1992ലെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമത്തിലെയും വകുപ്പുകള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി നേരത്തെ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. സംസ്ഥാന അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങളെ നിശ്ചയിക്കുന്നതിനുള്ള മാര്‍ഗരേഖ തയ്യാറാക്കണമെന്നാണ് 2004ലെ നിയമത്തിലെ വകുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ജില്ലാ അടിസ്ഥാനത്തില്‍ ന്യൂനപക്ഷ നിര്‍ണയത്തിന് മാര്‍ഗരേഖ ആവശ്യമെന്നാണ് 1992ലെ നിയമത്തിലെ വകുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
അതിവൈകാരികവും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതുമായ വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് ആരാഞ്ഞതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചു. ഇതുവരെ പഞ്ചാബ്, മിസോറാം, മേഘാലയ, മണിപ്പൂര്‍, ഒഡിഷ, ഉത്തരാഖണ്ഡ്, നാഗാലാന്‍ഡ്, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, ഗോവ, പശ്ചിമ ബംഗാള്‍ ത്രിപുര, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളായ ലഡാക്, ദാദ്ര നാഗര്‍ ഹവേലി, ദാമന്‍ ദിയു, ചണ്ഡീഗഡ് എന്നിവയും മറുപടി നല്‍കിയതായും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. എന്നാല്‍ സംസ്ഥാനങ്ങളും, കേന്ദ്ര ഭരണ പ്രദേശങ്ങളും ഉള്‍പ്പടെ 19 സര്‍ക്കാരുകള്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഇതില്‍ കേരളവും ഉള്‍പ്പെടും.
ചില സംസ്ഥാനങ്ങള്‍ നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് അറിയിച്ചിട്ടുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തെ സംബന്ധിച്ച് ആഭ്യന്തര, നിയമ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയങ്ങളുമായി ചര്‍ച്ച നടത്തിയതായും ന്യൂനപക്ഷ മന്ത്രാലയം തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനുമായും വിഷയം ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *