കേരളശ്രീ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ വ്യക്തമാക്കി.
കാസര്‍കോട് : പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി നല്‍കുന്ന കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ വിവാദവും. കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച കേരളശ്രീ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ വ്യക്തമാക്കി. ശില്‍പങ്ങളുടെ ശോഭ കെടുത്തുന്ന നടപടികളില്‍ പ്രതിഷേധിച്ചാണിത്. ശില്‍പങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ഗൗരവമായി എടുക്കുന്നില്ലെന്ന് കാനായി കുഞ്ഞിരാമന്‍ പറഞ്ഞു.
കണ്ണൂര്‍ പയ്യാമ്പലം പാര്‍ക്കില്‍ താന്‍ നിര്‍മിച്ച ശില്‍പങ്ങള്‍ അവഗണിക്കപ്പെട്ടതില്‍ കാനായി കുഞ്ഞിരാമന്‍ നേരത്തെ പ്രതിഷേധിച്ചിരുന്നു. കടകംപള്ളി സുരേന്ദ്രന്‍ ടൂറിസം മന്ത്രിയായിരിക്കെയാണ് ശംഖുമുഖം, വേളി പാര്‍ക്കുകള്‍ നശിപ്പിച്ചതെന്ന് കാനായി ആരോപിച്ചു. ഇതൊക്കെ ആര്‍ക്കു വേണ്ടിയാണ് ചെയ്തതെന്ന് തനിക്കറിയാമെന്നും, പക്ഷേ പറയുന്നില്ലെന്നും കാനായി കുഞ്ഞിരാമന്‍ വ്യക്തമാക്കി.
”അവാര്‍ഡുകള്‍ ഒന്നിനും പരിഹാരമല്ല. അവാര്‍ഡ് നല്ല കാര്യം തന്നെയാണ്. പക്ഷേ, എന്റെ മനസ്സില്‍ ഇപ്പോള്‍ വരുന്നത് ശംഖുമുഖം പാര്‍ക്കാണ്. കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് അവിടെയൊരു ഹെലികോപ്റ്റര്‍ കൊണ്ടുവന്നു വച്ചു. ഞാന്‍ ചെയ്ത ആ മനോഹരമായ സ്ഥലം മുഴുവന്‍ വികൃതമാക്കി. അന്നത്തെ ടൂറിസം മന്ത്രിയായ കടകംപള്ളിയാണ് അത് ചെയ്തത്. ഞാന്‍ ഇക്കാര്യം അദ്ദേഹത്തിന്റെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍ കൊണ്ടുവന്നതാണ്. എല്ലാം ശരിയാക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല. ഇതിനിടയില്‍ ഒരു അവാര്‍ഡ് തന്നാല്‍ എങ്ങനെയാണ് എനിക്ക് സ്വീകരിക്കാന്‍ പറ്റുക?
വേളിയിലെ അവസ്ഥയും സമാനമാണ്. ആര്‍ക്കും വേണ്ടാത്ത ഒരു വേളിയാണ് ഞാന്‍ ആദ്യമായി എത്തുമ്പോള്‍ അവിടെയുണ്ടായിരുന്നത്. ആരും അവിടെ പോയിരുന്നില്ല. പിന്നീട് വളരെയധികം കഷ്ടപ്പെട്ട് ചെയ്ത ഒന്നാണ് വേളി ടൂറിസ്റ്റ് വില്ലേജ്. അങ്ങനെ വളരെയധികം വരുമാനമുള്ള ടൂറിസ്റ്റ് സെന്ററായി അതു മാറി. പിന്നീട് അതും വികൃതമാക്കിക്കളഞ്ഞു’ – കാനായി പറഞ്ഞു.
‘ഇതേ അവസ്ഥയാണ് കണ്ണൂര്‍ പയ്യാമ്പലത്തും. മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാരാണ് വേളി ടൂറിസ്റ്റ് വില്ലേജ് പോലെ അവിടെയും മനോഹരമാക്കാന്‍ ആവശ്യപ്പെട്ടത്. 80 സെന്റ് മാത്രമുണ്ടായിരുന്ന അവിടെ മൂന്ന് ഏക്കറില്‍ സൂര്യാസ്തമയം കാണാവുന്ന രീതിയിലാണ് ഞാന്‍ പാര്‍ക്ക് ക്രമീകരിച്ചത്. അതും അവഗണിക്കപ്പെട്ടു കിടക്കുകയാണ്. സാഹചര്യം ഇങ്ങനെയാണെന്നിരിക്കെ ഈ അവാര്‍ഡ് ഞാന്‍ എങ്ങനെയാണ് സ്വീകരിക്കുക. എന്റെ പ്രശ്‌നങ്ങള്‍ക്ക് അവാര്‍ഡ് ഒരു പരിഹാരമല്ല.’ – കാനായി കുഞ്ഞിരാമന്‍ വ്യക്തമാക്കി.