നവംബര്‍ 3-ന് സെക്രട്ടേറിയറ്റിലേക്കും 13 ജില്ലാ ആസ്ഥാനങ്ങളിലേക്കും യുഡിഎഫ് പ്രതിഷേധമാര്‍ച്ച് നടത്തുമെന്ന് വിഡി സതീശന്‍.
സര്‍ക്കാരിന്റെ ജനദ്രോഹനയത്തിനെതിരെ യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്. നവംബര്‍ മൂന്നിന് സെക്രട്ടേറിയറ്റിലേക്കും 13 ജില്ലാ ആസ്ഥാനങ്ങളിലേക്കും യുഡിഎഫ് പ്രതിഷേധമാര്‍ച്ച് നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഭരിക്കാന്‍ മറന്നുപോയ സര്‍ക്കാരാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. സര്‍ക്കാര്‍ നിഷ്‌ക്രിയമാണ്. സംസ്ഥാനത്ത് അരിയുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വില കുതിക്കുമ്പോള്‍ അത് നേരിടാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും സതീശന്‍ പറഞ്ഞു. സംസ്ഥാനത്തെ നെല്ലും സംഭരണം പാളിയെന്നും കര്‍ഷകര്‍ക്ക് ന്യായവില ലഭിക്കാനുള്ള അവസരം ഇല്ലാതാക്കിയെന്നും പാര്‍ട്ടി അണികള്‍ അഴിഞ്ഞാടുകയാണെന്നും സതീശന്‍ പറഞ്ഞു.
നാളെ കൊച്ചിയില്‍ ‘ഉണരുക കേരളമേ’ എന്ന മുദ്രവാക്യമുയര്‍ത്തി മയക്കുമരുന്ന് വിരുദ്ധ ക്യാമ്പെയ്ന്‍ സംഘടിപ്പിക്കും. ഇനി വരുന്ന ദിവസങ്ങളില്‍ സര്‍ക്കാരിനെതിരെ കേരളമാകെ സമരരംഗത്തായിരിക്കും യുഡിഎഫ് എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്താകെ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. വിലക്കയറ്റം നേരിടാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. സ്വര്‍ണക്കള്ളക്കടത്തുകേസുകളിലെ നാണം കെടുത്തുന്ന വെളിപ്പെടുത്തലുകളില്‍ അന്വേഷണം നടത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും സതീശന്‍ പറഞ്ഞു.