ഷാരോണിനെ കൊലപ്പെടുത്തിയ സംഭവം; ഗ്രീഷ്മയുടെ ഗൂഗിള്‍ സെര്‍ച്ചുകളായിരുന്നു അന്വേഷണ സംഘത്തിന് പിടിവള്ളിയായത്.

Spread the love

തിരുവനന്തപുരം: ഷാരോണിനെ വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവം തെളിയിക്കുന്നതിന് ഗ്രീഷ്മയുടെ ഗൂഗിള്‍ സെര്‍ച്ചുകളായിരുന്നു അന്വേഷണം സംഘത്തിന് പ്രധാനമായും പിടിവള്ളിയായത്. വിഷം സംബന്ധിച്ചുള്ള കാര്യങ്ങളായിരുന്നു ഗ്രീഷ്മ കൂടുതലായി സെര്‍ച്ച് ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തിയത് വഴിത്തിരിവായി. സ്ലോ പോയിസണ്‍, മറ്റു വിശദാംശങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചായിരുന്നു കൂടുതലും തിരഞ്ഞിരുന്നത്. ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായം നല്‍കിയപ്പോള്‍ അതില്‍ ‘കാപിക്’ എന്ന കളനാശിനി ഒഴിച്ചിരുന്നു എന്നാണ് ഗ്രീഷ്മ നല്‍കിയിരിക്കുന്ന മൊഴി.
ഷാരോണ്‍ 14ാം തീയതി വീട്ടില്‍ എത്തുമ്പോള്‍ ആരും ഉണ്ടായിരുന്നില്ല. അമ്മാവന്‍ കൃഷിത്തോട്ടത്തിലായിരുന്നു. അമ്മാവന്‍ വാങ്ങിവെച്ചിരുന്ന കളനാശിനിയാണ് കഷായത്തില്‍ ഒഴിച്ചു കൊടുത്തത്. അപ്പോള്‍ തന്നെ ഛര്‍ദ്ദിച്ച ഷാരോണ്‍ അവിടെ നിന്ന് പോയി എന്നാണ് ഗ്രീഷ്മ മൊഴി നല്‍കിയിരിക്കുന്നത്. നീല നിറത്തിലുള്ള കളനാശിനിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കഷായം കുടിച്ചപ്പോള്‍ കൈപ്പുണ്ടെന്ന് പറഞ്ഞു, അപ്പോള്‍ ഫ്രൂട്ടി എടുത്ത് ഷാരോണിന് നല്‍കിയെന്നും പോലീസ് പറഞ്ഞു.
‘ഒഴിവാക്കാന്‍ വേണ്ടിത്തന്നെയാണ് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. അതൊരു ‘ലൗ ഹേറ്റ്’ റിലേഷനായിരുന്നു. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം, ഗ്രീഷ്മയുടെ വിവാഹ നിശ്ചയം കഴിഞ്ഞതിന് ശേഷം ഷാരോണിനെ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു എന്നാണ് അവര്‍ അവകാശപ്പെടുന്നത്. ആദ്യം ഷാരോണിനെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ നോക്കി, മറ്റു കഥകള്‍ പറഞ്ഞു നോക്കി, ജാതകദോഷം പറഞ്ഞു. എന്നാല്‍ ഇതൊന്നും ഏല്‍ക്കാത്തതിനാലാണ് ഇവര്‍ ഈ ക്രൂരകൃത്യത്തിലേക്ക് കടന്നതെന്നാണ് എ.ഡി.ജി.പി. വ്യക്തമാക്കുന്നത്. ഡോക്ടറുടെ മൊഴിയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് കേസില്‍ വഴിത്തിരിവായത്. ബാക്കിയുള്ള കാര്യങ്ങള്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമേ പറയാന്‍ പറ്റൂ. വിവാഹ നിശ്ചയത്തിന് ശേഷം ഗ്രീഷ്മയുടെ അമ്മയും ഷാരോണുമായുള്ള ബന്ധം ഒഴിവാക്കാന്‍ നിര്‍ബന്ധിച്ചിരുന്നു.
26ാം തീയതിയും 27ാം തീയതിയും ഗ്രീഷ്മയുടെ വീട്ടുകാരുടെ മൊഴിയെടുത്തിരുന്നു. ഇതില്‍ വ്യക്തതക്കുറവുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഫോറന്‍സിക് ഡോക്ടറുടെ മൊഴിയിലുള്ള കാര്യങ്ങളും വിശദമായി പരിശോധിച്ചപ്പോഴാണ് സംഭവം കൊലപാതകമാണ് എന്ന കാര്യത്തില്‍ എത്തിച്ചേര്‍ന്നതെന്ന് പോലീസ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഷാരോണിനെ എന്റെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ വേണ്ടി കൊലപ്പെടുത്തി എന്നാണ് ഇതുവരെ ഗ്രീഷ്മ പോലീസിനോട് പറഞ്ഞിട്ടുള്ളത്. മാതാപിതാക്കളുടേയോ മറ്റു സഹായികളുടേയോ പങ്ക് ഇതുവരെ ഗ്രീഷ്മ വ്യക്തമാക്കിയിട്ടില്ല.
ലോ ആന്‍ഡ് ഓര്‍ഡര്‍ എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് കേസിലേക്ക് വഴിത്തിരിവുണ്ടാകുന്ന പല കാര്യങ്ങളും ചര്‍ച്ചചെയ്തത്. ഗ്രീഷ്മയെ എങ്ങനെ ചോദ്യം ചെയ്യണം, എന്തൊക്കെ ചോദ്യങ്ങളാണ് ചോദിക്കേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കുകയും ഗ്രീഷ്മയെ ഞായറാഴ്ച രാവിലെയോടെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുകയുമായിരുന്നു. ആദ്യമണിക്കൂറില്‍ തന്നെ ഗ്രീഷ്മയ്ക്ക് കുറ്റം സമ്മതിക്കേണ്ടി വന്നു. താന്‍ കുറ്റമൊന്നും ചെയ്തിരുന്നില്ലെന്നും നിരപരാധിയാണെന്നും ഇത്രയും നാള്‍ വാട്‌സാപ് സന്ദേശങ്ങളില്‍ കൂടി വ്യക്തമാക്കിയ ഗ്രീഷ്മയ്ക്ക് ചോദ്യംചെയ്യലിന് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല.
എന്നാല്‍ കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ല എന്ന നിലപാടാണ് ഗ്രീഷ്മ ഇപ്പോഴും സ്വീകരിക്കുന്നത്. ഇക്കാര്യത്തില്‍ സ്ഥിരീകരണം പോലീസിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ വന്നാല്‍ മാത്രമേ കൊലപാതകത്തിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോ എന്ന കാര്യം വ്യക്തമാകൂ. ഇത്രയും ക്രൂരമായ കൃത്യം ഒറ്റയ്ക്ക് ചെയ്യാന്‍ പറ്റുമോ എന്നാണ് ഷാരോണിന്റെ കുടുംബവും ഉന്നയിക്കുന്നത്. കഴിഞ്ഞ കുറേ കാലമായി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമം ഇപ്പോഴാണ് വിജയം കണ്ടിരിക്കുന്നതെന്നും ഗ്രീഷ്മയുടെ ജാതകദോഷം തീര്‍ക്കാനുള്ള ഇരമാത്രമായിരുന്നു ഷാരോണ്‍ എന്ന കാര്യം അവന്‍ അറിഞ്ഞിരുന്നില്ലെന്നുമാണ് ഷാരോണിന്റെ കുടുംബം പറയുന്നത്.
ഏത് ഡോക്ടറാണ് കഷായം കുറിച്ചു തന്നത്, എന്ത് മരുന്നാണ് അത്, കുപ്പിയുടെ അടപ്പിന്റെ ചിത്രം അയച്ചു തരുമോ തുടങ്ങിയ കാര്യങ്ങള്‍ ഷാരോണിന്റെ സഹോദരന്‍ ചോദിക്കുമ്പോള്‍ അതിനൊന്നും അറിയില്ല, കൈയില്‍ ഇല്ല എന്ന ഉത്തരമായിരുന്നു ഗ്രീഷ്മ നല്‍കിയത്. ഇത് സംശയം വര്‍ദ്ധിക്കാന്‍ ഇടയാക്കി.
ക്രൈംബ്രാഞ്ച് സംഘത്തിന് കൊലപാതകമാണെന്ന സൂചന ആദ്യമെ ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച ചോദ്യംചെയ്യലില്‍ ആദ്യമണിക്കൂറില്‍ തന്നെ ഗ്രീഷ്മ കുറ്റം സമ്മതിക്കുകയായിരുന്നു. എന്നാല്‍ എന്തിനായിരുന്നു കൊല എന്ന കാര്യത്തില്‍ ഇതുവരെ പോലീസ് വ്യക്തത വരുത്തിയിട്ടില്ല. ജാതകദോഷം കാരണമാണ് കൊലയെന്ന് ഷാരോണിന്റെ കുടുംബം ആരോപിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല.
ഷാരോണ്‍ എന്താണ് കഴിച്ചത് എന്ന് ഷാരോണിന്റെ സഹോദരന്‍ നിരന്തരം ഗ്രീഷ്മയോട് ചോദിച്ചിരുന്നു. എന്നാല്‍ അത് എന്താണ് എന്ന് അപ്പോള്‍ പറഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷെ ഷാരോണിനെ രക്ഷിക്കാമായിരുന്നു. എന്നാല്‍ ഷാരോണ്‍ അവസാന നിമിഷവും ഇക്കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല എന്നാണ് പോലീസ് മനസ്സിലാക്കുന്നതെന്നും എഡിജിപി പറഞ്ഞു.
തമിഴ്‌നാട്ടില്‍ പഠനത്തിന് പോകുമ്പോഴായിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്. ബസില്‍ വെച്ച് പരിചയപ്പെട്ട് പിന്നീട് അത് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അഗാധമായ പ്രണയത്തിനൊടുവില്‍ വെട്ടുകാട് പള്ളിയില്‍ വന്ന് ഗ്രീഷ്മയുടെ ആവശ്യപ്രകാരം ഷാരോണ്‍ താലി ചാര്‍ത്തുകയായിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യം ഗ്രീഷ്മയുടെ വീട്ടുകാര്‍ക്ക് അറിയുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വിവാഹം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *