ഗ്രീഷ്മ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് റൂറല്‍ എസ്.പി ഡി. ശില്പ.

Spread the love

പൊലീസ് സ്റ്റേഷനില്‍ വെച്ച് ലൈസോള്‍ കുടിച്ച് ഗ്രീഷ്മ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് റൂറല്‍ എസ്.പി ഡി. ശില്പ. പൊലീസിന് വീഴ്ച ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നാലു വനിതാ പൊലീസുകാരുടെ സംരക്ഷണയിലായിരുന്നു ഗ്രീഷ്മ. സുരക്ഷാ പരിശോധന നടത്തിയ ശുചിമുറി അല്ല ഗ്രീഷ്മ ഉപയോഗിച്ചത്. മറ്റൊരു ശുചിമുറിയില്‍ കൊണ്ടുപോയത് പൊലീസിന്റെ ഗുരുതര വീഴ്ചയാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് വൈകാതെ ലഭിക്കും. ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും റൂറല്‍ എസ്.പി വ്യക്തമാക്കി.

ലൈസോള്‍ കുടിച്ചതിനെ തുടര്‍ന്ന് നെടുമങ്ങാട് ആശുപത്രിയില്‍ വെച്ച് ഗ്രീഷ്മ ഛര്‍ദ്ദിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷന്റെ ബാത്ത് റൂമില്‍ കയറിയപ്പോഴാണ് ലൈസോള്‍ കുടിച്ചത്. ഇക്കാര്യം പെണ്‍കുട്ടി തന്നെയാണ് പൊലീസിനോട് വെളിപ്പെടുത്തിയത്. പാറശാല ഷാരോണ്‍ വധക്കേസില്‍ കുടുംബം ഇന്ന് പൊലീസിന് മൊഴി നല്‍കാനെത്തിയിട്ടുണ്ട്. കൊലപാതകത്തില്‍ ഗ്രീഷ്മയ്ക്ക് മാത്രമല്ല അവരുടെ കുടുംബത്തിനും പങ്കുണ്ടെന്ന ആരോപണം ഉറച്ച് നില്‍ക്കുകയാണ് ഷാരോണിന്റെ അച്ഛന്‍. അതിനിടയിലാണ് ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം.

Leave a Reply

Your email address will not be published. Required fields are marked *