ഷാരോണ്‍ കൊലപാതക കേസില്‍ പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചകള്‍.

Spread the love

തിരുവനന്തപുരം: ഷാരോണ്‍ കൊലപാതക കേസില്‍ പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചകള്‍. ഷാരോണ്‍ കഴിച്ച കാഷായത്തില്‍ ബന്ധുക്കള്‍ സംശയം ഉന്നയിച്ചിട്ടും, ഇത് കണക്കിലെടുക്കാതെ പെണ്‍കുട്ടിയുടെ മൊഴി മാത്രം വിശ്വസിച്ച്, അന്വേഷണത്തിന്റെ തുടക്കത്തിലേ പൊലീസ് ഉഴപ്പി. പൊലീസിന്റെ വീഴ്ചയെ കുറിച്ചുള്ള ചോദ്യങ്ങളില്‍ മറുപടി പറയാന്‍ എഡിജിപി പാടുപെട്ടു.
ഷാരോണിന്റെ മരണം അന്വേഷിച്ചതില്‍ പാറശ്ശാല പൊലീസിന് സംഭവിച്ച വീഴ്ചകള്‍ ഒന്നൊന്നായി ഷാരോണിന്റെ സഹോദരനും ആയുര്‍വേദ ഡോക്ടറുമായ ഷിനോണ്‍ ചൂണ്ടിക്കാട്ടുന്നു. ഷാരോണ്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് കഴിച്ച കഷായത്തില്‍ വീട്ടുകാര്‍ ആദ്യമേ സംശയം പ്രകടിപ്പിച്ചിട്ടും പൊലീസ് അത് പാടേ തള്ളിയിരുന്നു. ഷാരോണിന്റെ സുഹൃത്തിന്റെ മൊഴിയും പൊലീസ് അവഗണിച്ചു.
ഈ മൊഴികളെല്ലാം വെറും ഊഹാപോഹമെന്നായിരുന്നു പൊലീസിന്റെ നിലപാട്. വീട്ടുകാര്‍ ഉന്നയിച്ച സംശയങ്ങള്‍ തുടക്കത്തിലേ പരിഗണിച്ചിരുന്നെങ്കില്‍, നേരത്തെ തന്നെ മരണകാരണമായ കീടനാശിനിയിലേക്ക് എത്താമായിരുന്നു എന്ന് വ്യക്തം. ഒറ്റദിവസത്തെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതിച്ച കേസില്‍, ദിവസങ്ങളായി വീട്ടുകാര്‍ ഉന്നയിക്കുന്ന സംശയം എന്തുകൊണ്ട് പൊലീസ് നേരത്തെ ചെവിക്കൊണ്ടില്ലെന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ എഡിജിപി എംആര്‍ അജിത് കുമാര്‍ നല്ല പോലെ ബുദ്ധിമുട്ടി.
പ്രതിയുടെ മൊഴികളിലെ വൈരുദ്ധ്യവും ഫോറന്‍സിക് ഡോക്ടറുടെ നിര്‍ണായക മൊഴിയുമാണ് ഗ്രീഷ്മയെ സംശയമുനയിലാക്കിയത്. പെണ്‍കുട്ടിയെന്ന പരിഗണനയും നല്‍കിയെന്നാണ് പൊലീസ് സമ്മതിക്കുന്നത്. മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതിന് ശേഷം മാത്രമാണ് കേസില്‍ പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചതും ജില്ലാ ക്രൈംബ്രാഞ്ചിനെ കേസ് എല്‍പ്പിച്ചതും.
കടുത്ത ഛര്‍ദ്ദിയും വായില്‍ പൊള്ളലുമുണ്ടായിരുന്ന ഷാരോണിന്റെ ലക്ഷണങ്ങളെ വിലയിരുത്തിയതില്‍ ഡോക്ടര്‍മാര്‍ക്കും വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് സംശയം ഉയരുന്നത്. ഷാരോണ്‍ ലക്ഷണങ്ങള്‍ കാണിച്ചപ്പോഴേ കീടനാശിനി സാന്നിധ്യം സംശയിക്കാമായിരുന്നു. പൊലീസിന്റെ നിഗമനങ്ങളില്‍ തുടക്കത്തിലേ വീഴ്ചയുണ്ടായെന്ന് ചുരുക്കം.

Leave a Reply

Your email address will not be published. Required fields are marked *