ഷാരോണിന്റെ കൊലപാതകത്തില്‍ പ്രതി ഗ്രീഷ്മ കുറ്റം സമ്മതിച്ചെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍.
തിരുവനന്തപുരം: പാറശാലയില്‍ ഷാരോണിന്റെ കൊലപാതകത്തില്‍ പ്രതി ഗ്രീഷ്മ കുറ്റം സമ്മതിച്ചെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍. നിലവില്‍ കേസില്‍ ഗ്രീഷ്മ മാത്രമാണ് പ്രതി. ശാസ്ത്രീയമായ തെളിവുകള്‍ ഇനിയും ശേഖരിക്കേണ്ടതുണ്ട്. ഇന്നലെ 7 മണിക്കൂറോളം ഗ്രീഷ്മയെ ചോദ്യം ചെയ്തു. ഷാരോണിനെ ഒഴിവാക്കാന്‍ ജാതക ദോഷമുണ്ടെന്ന് ഗ്രീഷ്മ കള്ളം പറയുകയായിരുന്നു എന്നും എഡിജിപി പറഞ്ഞു.
‘ഷാരോണും ഗ്രീഷ്മയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് വീട്ടുകാര്‍ മറ്റൊരു വിവാഹത്തിന് ആലോചിച്ചു. ഇതോടെ ഷാരോണുമായുള്ള ബന്ധം ഒഴിവാക്കാനാണ് കുറ്റം ചെയ്തതെന്നാണ് ഗ്രീഷ്മ മൊഴിയില്‍ സമ്മതിചിച്ചിട്ടുള്ളത്. ഷാരോണിനെ വീട്ടില്‍ വിളിച്ചുവരുത്തി, കീടനാശിനി കഷായത്തില്‍ കലര്‍ത്തിയാണ് നല്‍കിയത്. അവിടെ വച്ച് തന്നെ ഷാരോണ്‍ ഛര്‍ദിച്ചു. ശേഷം മടങ്ങിയെന്നും ഗ്രീഷ്മ പറയുന്നു. ഷാരോണിലെ കൊലപ്പെടുത്തണമെന്ന ഉദ്ദേശം തന്നെയായിരുന്നു ഗ്രീഷ്മയ്ക്ക്. യുവാവിനെ വീട്ടില്‍ വിളിച്ചുവരുത്തിയതും ഇതിന്റെ ഭാഗമായാണ്.
കൂടുതല്‍ വിശദാംശങ്ങള്‍ക്കായി ഗ്രീഷ്മയെ വീണ്ടും ചോദ്യം ചെയ്യും. നിലവില്‍ ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്ക് സംഭവത്തില്‍ പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണ്. ഷാരോണിനെ ഒഴിവാക്കാനാണ് ജാതക ദോഷം ഉണ്ടെന്ന് പറഞ്ഞത്. അന്ധവിശ്വാസത്തിന്റെ പേരില്‍ പ്രതി കള്ളംപറയുകയായിരുന്നു. ഫെബ്രുവരിയിലാണ് ഗ്രീഷ്മയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചത്. നവംബറില്‍ ഇറങ്ങിവരണമെന്ന് ഷാരോണ്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഷാരോണിനെ ഒഴിവാക്കാന്‍ പല കഥകളും ഗ്രീഷ്മ പറഞ്ഞിരുന്നു. പക്ഷേ പിന്മാറാന്‍ ഷാരോണ്‍ തയ്യാറായിരുന്നില്ല.
ഷാരോണിനെ കൊലപ്പെടുത്താനുപയോഗിച്ച കഷായം തയാറാക്കിയത് ഗ്രീഷ്മയാണ്. വിഷം കഷായത്തില്‍ കലര്‍ത്തിയത് ഷാരോണിനോട് പറഞ്ഞില്ല. റബറിന് ഉപയോഗിക്കുന്ന കാപിക് ഷാരോണിന് നല്‍കി. ഷാരോണിന്റെ ശരീരത്തില്‍ കോപ്പര്‍ സള്‍ഫേറ്റിന്റെ അംശമില്ല. ഡോക്ടറുടെ മൊഴിയാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. കൊലപാതകത്തിന് ഉപയോഗിച്ച കീടനാശിനി കണ്ടെത്തി. ഡൈ ആസിഡ് ബ്ലൂ ആണ് ഉപയോഗിച്ചത്. കേസന്വേഷണത്തില്‍ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ല എന്നും എഡിജിപി എം ആര്‍ അജിത് കുമാര്‍ വ്യക്തമാക്കി.