പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസ്‌നേഹിയെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍.

Spread the love

മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസ്‌നേഹിയെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍. മോദിയുടെ സ്വതന്ത്ര വിദേശകാര്യ നയത്തെ പുകഴ്ത്തിയ പുട്ടിന്‍ മോദിയുടെ നേതൃത്വത്തില്‍ അനേകം നല്ല കാര്യങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ടെന്നും പറഞ്ഞു. മോസ്‌കോ ആസ്ഥാനമായ നയവിശകലന സംഘടനയായ വാല്‍ഡൈ ഡിസ്‌കഷന്‍ ക്ലബിന്റെ വാര്‍ഷിക യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പുട്ടിന്‍.
”മോദിയുടെ നേതൃത്വത്തില്‍ അനവധി കാര്യങ്ങള്‍ ഇന്ത്യയില്‍ ചെയ്യുന്നുണ്ട്. ദേശസ്‌നേഹിയാണ് മോദി. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ എന്ന അദ്ദേഹത്തിന്റെ ആശയം സാമ്പത്തികമായും ധാര്‍മികമായും കാര്യമുള്ളതാണ്. ഭാവി ഇന്ത്യയുടേതാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നതില്‍ ഇന്ത്യയ്ക്ക് അഭിമാനിക്കാം” –- റഷ്യന്‍ ഭാഷയില്‍ നടത്തിയ പ്രസംഗത്തില്‍ പുട്ടിന്‍ പറഞ്ഞു.
”ബ്രിട്ടിഷ് കോളനിയില്‍നിന്ന് ആധുനിക രാജ്യമായി മാറിയ ഇന്ത്യയുടെ വളര്‍ച്ച അതിഗംഭീരമാണ്. 150 കോടിയോളം വരുന്ന ഇന്ത്യയുടെ ജനസംഖ്യയും പ്രത്യക്ഷമായ വികസനങ്ങളുടെ ഫലവും എല്ലാവരുടെയും ആദരവ് രാജ്യത്തിനു നേടിക്കൊടുക്കുന്നു. ഇരുരാജ്യങ്ങളും ദശകങ്ങളായി അടുത്ത സഖ്യകക്ഷികളാണ്. ഞങ്ങളുടെ ഇടയില്‍ ബുദ്ധിമുട്ടേറിയ പ്രശ്‌നങ്ങള്‍ വന്നിട്ടല്ല. പരസ്പരം താങ്ങാകുകയും ചെയ്തിട്ടുണ്ട്. അതാണ് ഇപ്പോഴും നടക്കുന്നത്. ഇന്ത്യന്‍ കാര്‍ഷിക രംഗത്തെ സഹായിക്കാനായി വളങ്ങളുടെ വിതരണം കൂട്ടണമെന്ന് മോദി ആവശ്യപ്പെട്ടിട്ടുണ്ട്. വിതരണം ചെയ്യുന്ന വളത്തിന്റെ അളവ് 7.6 തവണ വര്‍ധിപ്പിച്ചിരുന്നു. കാര്‍ഷിക വ്യാപാരം ഏതാണ്ട് ഇരട്ടിയായി” – പുട്ടിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
റഷ്യന്‍ അനുകൂല നയവിശകലന സംഘടനയാണ് വാല്‍ഡൈ ഡിസ്‌കഷന്‍ ക്ലബ്. ഫെബ്രുവരി 24ന് ആരംഭിച്ച യുക്രെയ്ന്‍ യുദ്ധം ഒന്‍പതാം മാസത്തിലേക്കു കടന്നിരിക്കെയാണ് പുട്ടിന്റെ പ്രസംഗം വരുന്നത്. ആഗോള മേധാവിത്വത്തിനായി പാശ്ചാത്യ ലോകം ‘വൃത്തികെട്ട കളികള്‍’ കളിക്കുകയാണെന്ന് പുട്ടിന്‍ ആരോപിച്ചു. ”അധികം വൈകാതെ പുതിയ അധികാരകേന്ദ്രങ്ങള്‍ വരും. പൊതു ഭാവിയെക്കുറിച്ച് തുല്യതയോടെ പാശ്ചാത്യ ലോകത്തിന് അവരോടു സംസാരിക്കേണ്ടിവരും. സ്വന്തം ചെയ്തികളുടെ ഫലം അനുഭവിക്കുന്നതില്‍നിന്ന് യുഎസും സഖ്യകക്ഷികളും രക്ഷപ്പെടില്ല. അവരുണ്ടാക്കിയ പ്രശ്‌നങ്ങളില്‍നിന്ന് മാറിനില്‍ക്കാന്‍ അവര്‍ക്കു കഴിയില്ല. പൊതുവായ ലക്ഷ്യങ്ങള്‍കൊണ്ടുമാത്രമേ ലോകത്തെ ഏകീകരിക്കാനും അതുവഴി വെല്ലുവിളികളെ നേരിടാനും കഴിയൂ.
പാശ്ചാത്യ ലോകം കളിക്കുന്ന കളികളില്‍ ലോകത്തിന്റെ അധികാരമാണു പണയം വച്ചിരിക്കുന്നത്. ഇത് അപകടകരമായ, രക്തരൂക്ഷിതമായ കളിയാണ്. ഞാനതിനെ വൃത്തികെട്ട കളിയെന്നേ വിശേഷിപ്പിക്കൂ. പാശ്ചാത്യ രാജ്യങ്ങള്‍ക്ക് അവരുടെ കാഴ്ചപ്പാടുകളും മൂല്യങ്ങളും സാര്‍വത്രികമായി അടിച്ചേല്‍പ്പിക്കണം. എല്ലാവരെയും കൊള്ളയടിക്കണം. ഇതുതന്നെ പാശ്ചാത്യ ലോകത്തിന്റെ ക്രിയാത്മകമായ കഴിവുകളെ തുടച്ചുകളയും. വാണിജ്യസംബന്ധമായ താല്‍പര്യവും ഉണ്ട്” – പുട്ടിന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *