പാറശ്ശാലയിലെ യുവാവിന്റെ ദുരൂഹ മരണം കൊലപതകമാണെന്ന് ബന്ധുക്കള്‍.
തിരുവനന്തപുരം പാറശ്ശാലയിലെ യുവാവിന്റെ ദുരൂഹ മരണം കൊലപതകമാണെന്ന് ബന്ധുക്കള്‍. യുവാവിന്റെ വനിതാ സുഹൃത്ത് നല്‍കിയ പാനീയം കുടിച്ചാണ് ഷാരോണ്‍ മരിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിച്ചത്. കാരക്കോണത്തെ വനിതാ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ ഷാരോണ്‍ അവശനായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. ആരോപണം അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
പ്രോജക്ട് വാങ്ങാനാണ് യുവതിയുടെ വീട്ടില്‍ പോയതെന്നും വന്നപ്പോള്‍ തന്നെ ഛര്‍ദ്ദി തുടങ്ങിയെന്നും ഷാരോണിന്റെ ബന്ധു പ്രതികരിച്ചു. നീല നിറത്തിലാണ് ഷാരോണ്‍ ഛര്‍ദ്ദിച്ചത്. എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍ യുവതിയുടെ വീട്ടില്‍ നിന്ന് വെള്ളം കുടിച്ചെന്നും അതിന് ശേഷമാണ് ഇങ്ങനെയെന്ന് ഷാരോണ്‍ പറഞ്ഞെന്നും ബന്ധുവായ യുവാവ് പ്രതികരിച്ചു.
ഇക്കഴിഞ്ഞ 25ാം തീയതിയാണ് 23കാരനായ ഷാരോണ്‍ രാജ് എന്നയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ച് മരിക്കുന്നത്. ബിഎസ് സി റേഡിയോളജി വിദ്യാര്‍ത്ഥിയാണ് ഷാരോണ്‍. 14നാണ് ഷാരോണ്‍ പ്രോജക്ടിന്റെ ഭാഗമായി കാരക്കോണത്ത് പെണ്‍ സുഹൃത്തിന്റെ വീട്ടില്‍ പോയത്. അവശനായ നിലയില്‍ തിരിച്ചെത്തിയ ഷാരോണിനെ സുഹൃത്താണ് വീട്ടിലെത്തിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ ഷാരോണിന്റെ ഇരുവൃക്കകളും തകരാറിലായതായി കണ്ടെത്തി. പിന്നീടുള്ള ദിവസങ്ങളില്‍ വായില്‍ വ്രണങ്ങള്‍ രൂപപ്പെട്ടതായും കണ്ടെത്തിയിരുന്നു.
ഈ മാസം 14ന് തമിഴ്‌നാട് രാമവര്‍മ്മന്‍ചിറയിലുള്ള കാമുകി വിളിച്ചതിനെ തുടര്‍ന്നാണ് ഷാരോണ്‍ അവരുടെ വീട്ടിലേക്ക് പോയതെന്ന് ഷാരോണിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. അവിടെ നിന്നും യുവതി നല്‍കിയ ജ്യൂസ് കുടിച്ചതിന് പിന്നാലെ ഛര്‍ദ്ദിച്ച് അവശനായ ഷാരോണ്‍ രാജ് 11 ദിവസങ്ങള്‍ക്ക് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. ആന്തരാവയവങ്ങള്‍ക്ക് ക്ഷതം ഏല്‍പ്പിക്കുന്ന ആസിഡ് പോലുള്ള ദ്രാവകം കഴിച്ചതാകാം മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് യുവതിയുടെ ജാതകദോഷം മാറ്റാനായി, ആസൂത്രിതമായി ചെയ്ത കൊലപാതകമാണിതെന്ന് ആരോപിച്ച് ഷാരോണ്‍ രാജിന്റെ കുടുംബം രംഗത്തെത്തിയത്. ഷാരോണും തമിഴ്‌നാട് സ്വദേശിയായ പെണ്‍കുട്ടിയും തമ്മില്‍ ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരും നേരത്തെ വെട്ടുകാട് പള്ളിയില്‍ വെച്ച് താലികെട്ടിയതായി കുടംബം പറയുന്നു. തുടര്‍ന്ന് സ്വന്തം വീടുകളിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്.