ലക്ഷ്മിയുടെയും ഗണപതിയുടെയും ചിത്രം കറന്‍സിയില്‍; മോദിക്ക് കത്തയച്ച് കേജ്‌രിവാള്‍.
ന്യൂഡല്‍ഹി: കറന്‍സി നോട്ടില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തിനൊപ്പം ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രം ചേര്‍ക്കണം എന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എഎപി) ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്‌രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. രാജ്യത്തിനു സാമ്പത്തിക പുരോഗതിയും ഐശ്വര്യവുമുണ്ടാകാന്‍ കറന്‍സി നോട്ടുകളില്‍ ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്നു കേജ്‌രിവാള്‍ നേരത്തേ നിര്‍ദേശിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഇന്ന് കത്തയച്ചത്. ”ഇന്ത്യന്‍ കറന്‍സിയില്‍ മഹാത്മാഗാന്ധിയ്‌ക്കൊപ്പം ലക്ഷ്മിദേവിയുടെയും ഗണപതിയുടെയും ചിത്രം ചേര്‍ക്കണമെന്ന് 130 കോടി ഇന്ത്യക്കാര്‍ക്ക് വേണ്ടി അഭ്യര്‍ഥിക്കുന്നു”– എന്ന് പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നു. രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമാണെന്നും ദൈവങ്ങളുടെ അനുഗ്രഹത്താല്‍ ഇതു മെച്ചപ്പെടുത്താമെന്നുമാണ് കേജ്‌രിവാളിന്റെ വാദം. കേജ്‌രിവാളിന്റെ നിര്‍ദേശത്തെ പിന്തുണച്ച് എഎപിയുടെ മറ്റു നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാല്‍ ബിജെപി നേതാക്കള്‍ ഇതിനെ വിമര്‍ശിച്ചു.