നയന്‍താരയുടെ വാടക ഗര്‍ഭം; അത് നടത്തിക്കൊടുത്ത ആശുപത്രി ചട്ടങ്ങൾ ലംഘിച്ചെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ്.
ചെന്നൈ: നയന്‍താരയുടെ വാടക ഗര്‍ഭധാരണത്തില്‍ അത് നടത്തിക്കൊടുത്ത ആശുപത്രി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. ചികിത്സാ രേഖകള്‍ സൂക്ഷിക്കുന്നതില്‍ ആശുപത്രി വീഴ്ച വരുത്തിയെന്നും ഐസിഎംആര്‍ ചട്ടങ്ങള്‍ സംഘിച്ചുവെന്നുമാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. അടച്ചുപൂട്ടാതിരിക്കാന്‍ ആശുപത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. അതേസമയം നയന്‍താരയുടെയും വിഗ്‌നേഷ് ശിവന്റെയും ഭാഗത്ത് വീഴ്ചകളില്ലെന്നും ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ഉണ്ട്.
വാടക ഗര്‍ഭം ധരിച്ച സ്ത്രീയുടെ വിവരങ്ങള്‍ ആശുപത്രി സൂക്ഷിച്ചിട്ടില്ല. ഇതിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും നല്‍കിയ ഡോക്ടര്‍ വിദേശത്തേക്ക് കടന്നതിനാല്‍ മൊഴിയെടുക്കാന്‍ കഴിഞ്ഞില്ല. നയന്‍താരയും വിഗ്‌നേഷ് ശിവനും നേരത്തെ വിവാഹിതരായതിന്റെ രേഖകള്‍ പരിശോധിച്ച അധികൃതര്‍ ഇരുവരും വിഷയത്തില്‍ കുറ്റക്കാരല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിയമപരമായ വാടക ഗര്‍ഭധാരണത്തിനുള്ള കാലയളവ് ദമ്പതികള്‍ പിന്നിട്ടതായാണ് കണ്ടെത്തല്‍.
ഒക്ടോബര്‍ ഒന്‍പതിനാണ് തങ്ങള്‍ മാതാപിതാക്കളായ വിവരം നയന്‍താരയും വിഗ്‌നേഷും അറിയിച്ചത്. പിന്നാലെ നിരവധി പേര്‍ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചു കൊണ്ട് രംഗത്തെത്തി. എന്നാല്‍ സന്തോഷത്തോടൊപ്പം തന്നെ താരദമ്പതികള്‍ വിവാദത്തിലും അകപ്പെട്ടു. വാടക ഗര്‍ഭധാരണത്തിലെ ചട്ടങ്ങള്‍ താരങ്ങള്‍ ലംഘിച്ചോ എന്ന് പരിശോധിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തിരുന്നു. നാല് മാസം മുമ്പ് വിവാഹിതരായ ദമ്പതിമാര്‍ക്ക് വാടക ഗര്‍ഭധാരണം നടത്താമോ എന്നതായിരുന്നു അന്വേഷിച്ചത്. ഇതിനിടയില്‍ തങ്ങള്‍ ആറ് വര്‍ഷം മുന്‍പ് വിവാഹം രജിസ്റ്റര്‍ ചെയ്തതായി നയന്‍താര വെളിപ്പെടുത്തി.
കഴിഞ്ഞ ഡിസംബറിലാണ് വാടക ഗര്‍ഭധാരണത്തിനുള്ള നടപടികള്‍ ആരംഭിച്ചതെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പിന് നല്‍കിയ സത്യവാങ്മൂലത്തില്‍ താര ദമ്പതികള്‍ വെളിപ്പെടുത്തിയിരുന്നു. വിവാഹ രജിസ്റ്റര്‍ രേഖകളും സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിച്ചിരുന്നു. വിവാഹം കഴിഞ്ഞ് ആറു വര്‍ഷം കഴിയാതെ വാടക ഗര്‍ഭധാരണത്തിന് നിലവില്‍ നിയമം അനുവദിക്കുന്നില്ലെന്നാണ് നിയമങ്ങള്‍ പറയുന്നത്. ഇത് താര ദമ്പതികള്‍ ലംഘിച്ചോ എന്ന വിവാദമാണ് ഉയര്‍ന്നിരുന്നത്. ജൂണ്‍ 9ന് ആയിരുന്നു വിഗ്‌നേഷ് ശിവന്റെയും നയന്‍താരയുടെയും വിവാഹം. നീണ്ട ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ആണ് ഇരുവരും വിവാഹിതരായത്.