വള്ളം കത്തിച്ചും പൊലീസ് ബാരിക്കേഡുകള്‍ കടലില്‍ തള്ളിയും വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ ശക്തമായ പ്രതിഷേധം.
തിരുവനന്തപുരം: വള്ളം കത്തിച്ചും പൊലീസ് ബാരിക്കേഡുകള്‍ കടലില്‍ തള്ളിയും വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ ശക്തമായ പ്രതിഷേധം. തുറമുഖ നിര്‍മ്മാണത്തിനെതിരായ സമരത്തിന്റെ നൂറാം ദിനമാണ് തീരത്ത് പ്രതിഷേധം കടുപ്പിച്ചത്. കോടതി വിധി ലംഘിച്ച് പദ്ധതിപ്രദേശത്തക്ക് നൂറ് കണക്കിന് സമരക്കാര്‍ ഇരച്ചുകയറി. വിഴിഞ്ഞം തുറമുഖം വളഞ്ഞ് കടലിലും മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചു. പ്രതിഷേധം കഴക്കിലെടുത്ത് വിഴിഞ്ഞം തുറമുഖത്തിന് മുന്നിലെ സമരപ്പന്തലിന് സമീപം വന്‍ പൊലീസ് സന്നാഹമാണ് വിന്യസിപ്പിച്ചിരിക്കുന്നത്.
കരയിലും കടലിലും സമരം നടത്തി നൂറാം ദിനത്തില്‍ സമരം കടുപ്പിക്കുകയാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപത. പുതുകുറിച്ചി, അഞ്ചുതെങ്ങ് ഫെറോനകളുടെ നേതൃത്വത്തില്‍ വള്ളങ്ങളില്‍ പ്രതിഷേധക്കാര്‍ മുതലപ്പൊഴിയില്‍ നിന്നും വിഴിഞ്ഞത്തേക്ക് എത്തി തുറമുഖം വളഞ്ഞത്. മറ്റ് ഇടവകകളില്‍ നിന്ന് ബൈക്ക് റാലിയായി വന്ന പ്രതിഷേധക്കാര്‍ പൊലീസ് ബാരിക്കേഡുകള്‍ അറബിക്കടലില്‍ വലിച്ചെറിഞ്ഞു, പദ്ധതി പ്രദേശത്തിനകത്തേക്ക് കയറി. കരയിലും കടലിലും പ്രതിഷേധകൊടി ഉയര്‍ത്തി സമരം. കടലില്‍ പണിക്ക് പോകുന്ന വള്ളം കത്തിച്ചാണ് മണ്ണെണ്ണ സബ്‌സിഡിയില്‍ അടക്കം മുഖം തിരിച്ചു നില്‍ക്കുന്ന സര്‍ക്കാരിന് സമരക്കാരുടെ മുന്നറിയിപ്പ്.
സമാധാനപരമായി മാത്രമേ സമരം ചെയ്യാവൂ എന്ന ഹൈക്കോടതി നിര്‍ദേശം നിലനില്‍ക്കെയാണ് പദ്ധതിപ്രദേശത്തേക്ക് ഇന്ന് സമരക്കാര്‍ ഇരച്ചുകയറിയത്. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കുന്നതടക്കമുള്ള ആവശ്യങ്ങളില്‍ ഒന്നില്‍ പോലും പിന്നോട്ടില്ല എന്ന ഉറച്ച സൂചനയാണ് ലത്തീന്‍ അതിരൂപത നല്‍കുന്നത്. സമരം വിജയിപ്പിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് സര്‍ക്കുലറിലൂടെ ആഹ്വാനം ചെയ്തിരുന്നു. സമരം കടുക്കുന്നത് സര്‍ക്കാറിനും അദാനി ഗ്രൂപ്പിനും വെല്ലുവിളിയാണ്.