സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് കടുക്കുന്നതിനിടെ തിരുവനന്തപുരത്ത് ഗവര്‍ണറുടെ ഔദ്യോഗിക വസതിക്ക് സുരക്ഷ വര്‍ധിപ്പിച്ചു.

Spread the love

തിരുവനന്തപുരം: സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് കടുക്കുന്നതിനിടെ തിരുവനന്തപുരത്ത് ഗവര്‍ണറുടെ ഔദ്യോഗിക വസതിക്ക് സുരക്ഷ വര്‍ധിപ്പിച്ചു. രാത്രിയോടെ രാജ്ഭവന്‍ പരിസരത്ത് കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചു. വെള്ളയമ്പലം, കവടിയാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വാഹനങ്ങള്‍ പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. ഗവര്‍ണര്‍ക്കെതിരായ സംസ്ഥാനമെങ്ങും പ്രതിഷേധ പരിപാടികള്‍ നടക്കുന്ന സമയത്ത് എകെജി സെന്റര്‍ ആക്രമണം പോലുള്ള സംഭവങ്ങള്‍ ഉണ്ടായാലുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായാണ് സുരക്ഷ വര്‍ദ്ധിപ്പിച്ചത്.
ധനമന്ത്രിയെ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നടപടി വിവാദമായതിന് പിന്നാലെയാണ് രാജ്ഭവന്റെ സുരക്ഷ ശക്തമാക്കുന്നത്. യുപി പരാമര്‍ശത്തിലൂടെ ധനമന്ത്രി കെ എന്‍ ബാലഗോപാലിലുളള പ്രീതി നഷ്ടമായെന്നും മന്ത്രിയെ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. ഇക്കഴിഞ്ഞ 18 ന് കേരള സര്‍വ്വകലാശാലയെ പരിപാടിക്കിടെ നടത്തിയ ഈ പ്രസംഗമാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്. ഗവര്‍ണറുടെ പ്രതിച്ഛായ തകര്‍ക്കാനും ഗവര്‍ണറുടെ ഓഫീസിന്റെ അന്തസ് നശിപ്പിക്കാനും ബാലഗോപാല്‍ ശ്രമിച്ചുവെന്നാണ് ഗവര്‍ണര്‍ കത്തില്‍ പറയുന്നത്. ബാലഗോപാല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്.
എന്നാല്‍, ഗവര്‍ണറുടെ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും തുടര്‍ നടപടി ആവശ്യമില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. ധനമന്ത്രിയുടെ പ്രവര്‍ത്തനത്തില്‍ അചഞ്ചലമായ വിശ്വാസമുണ്ടെന്നും ഭരണഘടനാപരമായി നോക്കുമ്പോള്‍ ഗവര്‍ണറുടെ പ്രീതി നഷ്ടപ്പെടാന്‍ മാത്രം ഒന്നും മന്ത്രി പറഞ്ഞിട്ടില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ മറുപടി. ആരോപണത്തില്‍ കഴമ്പില്ലെന്ന് ബോധ്യമുണ്ട്. അതിനാല്‍ തുടര്‍ നടപടികള്‍ വേണ്ടെന്ന നിലപാടും മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *