ധനമന്ത്രി കെ.എന്‍.ബാലഗോപാലിനെ പുറത്താക്കാനാകില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ ഗവര്‍ണറുടെ തുടര്‍നീക്കങ്ങള്‍ കാത്ത് കേരളം.
ധനമന്ത്രി കെ.എന്‍.ബാലഗോപാലിനെ പുറത്താക്കാനാകില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ ഗവര്‍ണറുടെ തുടര്‍നീക്കങ്ങള്‍ കാത്ത് കേരളം. ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ തിരിച്ചെത്തിയ ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ആരിഫ് മുഹമ്മദ് ഖാനെതിരെ നിലപാട് കടുപ്പിച്ച് എല്‍ഡിഎഫും രംഗത്തുവന്നു. സിപിഐയും അതിശക്തമായി രംഗത്തുണ്ട്. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് രാജ്ഭവന്റെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്.
നവംബര്‍ മൂന്നിനാണ് ഗവര്‍ണര്‍ തിരികെയെത്തുക. നിലവില്‍ അദ്ദേഹം ഇതര സംസ്ഥാനങ്ങളില്‍ പര്യടനത്തിലാണ്. തിരിച്ചെത്തിയശേഷം മാത്രമേ തുടര്‍നടപടിക്ക് സാധ്യതയുള്ളൂ. ഗവര്‍ണറുടെ ആവശ്യം നിരസിച്ചതിനാല്‍ കൂടുതല്‍ നടപടിക്ക് ഗവര്‍ണര്‍ക്ക് അധികാരമില്ല. ഈ സാഹചര്യത്തില്‍ നിയമോപദേശം കൂടി തേടിയ ശേഷമാകും രാജ്ഭവന്റെ തുടര്‍നീക്കം. മാത്രമല്ല നടപടി പൊതുജനങ്ങളിലുണ്ടാക്കിയ പ്രതികരണം കൂടി കണക്കിലെടുക്കും.
എന്നാല്‍ ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധം അതിശക്തമാക്കാനാണ് ഇടതുമുന്നണി തീരുമാനം. സര്‍വകലാശാല വിഷയങ്ങളില്‍ ചാന്‍സിലര്‍ എന്ന രീതിയില്‍ ഗവര്‍ണര്‍ക്ക് ഇടപെടാം. എന്നാല്‍ സംസ്ഥാന മന്ത്രിസഭയിലെ ഒരംഗത്തെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നത് ഇല്ലാത്ത അധികാരം പ്രയോഗിക്കലാണ്. രാഷ്ട്രീയ നീക്കങ്ങള്‍ക്ക് രാജ്ഭവന്‍ വേദിയാക്കുകയാണ്. രാജ്ഭവനിലെ ധൂര്‍ത്ത് തടഞ്ഞതാണ് ഇതിനു യഥാര്‍ത്ഥ കാരണമെന്നാണ് ഇടതുമുന്നണിയുടെ നിലപാട്.