പരീക്ഷയിലെ കോപ്പിയടി തടയാന്‍ വിചിത്ര മാര്‍ഗം കണ്ടെത്തി ഫിലിപീന്‍സിലെ എന്‍ജിനീയറിങ് കോളേജ്.

Spread the love

ഫിലിപ്പീന്‍സ്: പരീക്ഷയിലെ കോപ്പിയടി തടയാന്‍ വിചിത്ര മാര്‍ഗം കണ്ടെത്തി
ഫിലിപീന്‍സിലെ എന്‍ജിനീയറിങ് കോളേജ്. പരീക്ഷയില്‍ അടുത്തിരിക്കുന്നവരുടെ പേപ്പറിലേക്ക് നോക്കാതിരിക്കാന്‍ തലയില്‍ തൊപ്പിവെച്ച് വരാനാണ് കോളേജ് അധികൃതര്‍ കുട്ടികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ലെഗാസ്പി സിറ്റിയിലെ എന്‍ജിനീയറിങ് കോളേജിലാണ് സംഭവം. തുടര്‍ന്ന് ആന്റി ചീറ്റിങ് തൊപ്പികള്‍ ധരിച്ച് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
സര്‍വകലാശാല അധ്യാപിക മേരി ജോയി മന്ദാനെയാണ് കോപ്പിയടി തടയുന്നതിനുളള തൊപ്പികള്‍ സ്വയം നിര്‍മ്മിച്ചുകൊണ്ട് വരണമെന്ന് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്. തായ് സര്‍വകലാശാലയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് അധ്യാപിക ഈ ആശയം നടപ്പിലാക്കിയതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. അധ്യാപിക തന്നെയാണ് വുദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
ചിത്രങ്ങളില്‍ ചില വിദ്യാര്‍ത്ഥികള്‍ ഹെല്‍മെറ്റുകള്‍, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ രൂപത്തിലുളള തൊപ്പികള്‍ എന്നിവ ധരിച്ചിരിക്കുന്നതായി കാണാം. താന്‍ കുട്ടികളെ വളരെയധികം സ്‌നേഹിക്കുന്നുവെന്നും പരീക്ഷയുടെ സമ്മര്‍ദ്ദത്തിനിടയിലും കുട്ടികള്‍ രസകരമായി തൊപ്പികള്‍ നിര്‍മ്മിച്ചതിനെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും അധ്യാപിക ഫേസ്ബുക്കില്‍ കുറിച്ചു.
പരീക്ഷയില്‍ സത്യസന്ധത നിലനിര്‍ത്താന്‍ വേണ്ടിയാണ് കുട്ടികളോട് തൊപ്പി ധരിച്ചെത്താന്‍ ആവശ്യപ്പെട്ടതെന്ന് അധ്യാപിക വ്യക്തമാക്കി. ചിത്രങ്ങള്‍ വളരെ വേഗത്തില്‍ വൈറലായതിനെ തുടര്‍ന്ന് ഫിലിപീന്‍സിലെ മറ്റ് കോളേജുകളും ഇതേ മാതൃക പിന്തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *