മൂന്നുദിവസംനീണ്ട കാത്തിരിപ്പിനു ഒടുവില്‍ തട്ടിക്കൊണ്ടുപോയ വ്യാപാരിയെ കള്ളക്കടത്ത് സംഘം മോചിപ്പിച്ചു.
താമരശ്ശേരി: മൂന്നുദിവസംനീണ്ട അനിശ്ചിതത്വത്തിനും കാത്തിരിപ്പിനും ഒടുവില്‍ തട്ടിക്കൊണ്ടുപോയ വ്യാപാരിയെ കള്ളക്കടത്ത് സംഘം മോചിപ്പിച്ചു. ‘എ ടു ഇസെഡ്’ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ തച്ചംപൊയില്‍ അവേലം പയ്യമ്പടി മുഹമ്മദ് അഷ്‌റഫ് എന്ന വിച്ചി(55)യെയാണ് ചൊവ്വാഴ്ച രാത്രി വിട്ടയച്ചത്.
ഗള്‍ഫിലെ ബന്ധുവിന്റെ പണമിടപാടിന്റെ പേരില്‍ ബന്ദിയാക്കി ഭീഷണിപ്പെടുത്താന്‍ താമരശ്ശേരി വെഴുപ്പൂരില്‍വെച്ച് സ്വര്‍ണക്കടത്തുകേസ് പ്രതി ഉള്‍പ്പെട്ട സംഘമാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. സംഭവം പുറത്തറിയുകയും പ്രതികളിലൊരാളായ മുഹമ്മദ് ജൗഹര്‍ വലയിലാവുകയും പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്തതോടെയാണ് മുഹമ്മദ് അഷ്‌റഫിനെ സംഘം വിട്ടയച്ചത്.
കൊല്ലത്തുനിന്ന് ബസ് മാര്‍ഗം താമരശ്ശേരിയിലെത്തിയ മുഹമ്മദ് അഷ്‌റഫ് രാത്രി 11.15ഓടെയാണ് ഓട്ടോയില്‍ വീട്ടിലെത്തിയത്.
കേസിലെ പ്രധാന പ്രതിയായ മലപ്പുറം രണ്ടത്താണി കഴുങ്ങില്‍വീട്ടില്‍ മുഹമ്മദ് ജൗഹറിനെ (33) കഴിഞ്ഞദിവസം രാത്രിയാണ് പോലീസ് അറസ്റ്റുചെയ്തത്. സൗദിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് കോഴിക്കോട് വിമാനത്താവളത്തില്‍വെച്ച് ഇയാള്‍ പിടിയിലായത്. ജൗഹറും തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്നുസുഹൃത്തുക്കളും സഞ്ചരിച്ച ഥാര്‍ ജീപ്പും മുഹമ്മദ് അഷ്‌റഫിനെ തട്ടിക്കൊണ്ടുപോകവേ സംഘാംഗങ്ങള്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറുംകൂടി ചൊവ്വാഴ്ച താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. അഷ്‌റഫിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച ടാറ്റാസുമോ സംഭവത്തിന് പിറ്റേന്നുതന്നെ മുക്കത്തുനിന്ന് കസ്റ്റഡിയിലെടുത്തിരുന്നു.
ചേന്ദമംഗലൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ടാറ്റാ സുമോയും സംഘാംഗങ്ങള്‍ സഞ്ചരിച്ച മലപ്പുറം മോങ്ങം സ്വദേശിയുടെ സ്വിഫ്റ്റ് കാറും സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് താമരശ്ശേരി ഡിവൈ.എസ്.പി. അഷ്‌റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കസ്റ്റഡിയിലെടുത്തത്. ഇരുവാഹനവും വാടകയ്‌ക്കെടുത്തതായിരുന്നു.
കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിലും പേരാമ്പ്രയില്‍ സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട് അന്‍സല്‍ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തിലും പ്രതിയായ കൊടിയത്തൂര്‍ ഇല്ലങ്കല്‍ അലി ഉബൈറാന്‍ (25) എന്നയാളുടെ തിരിച്ചറിയല്‍രേഖവെച്ചാണ് ടാറ്റാസുമോ വാടകയ്‌ക്കെടുത്തതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. അലി ഉബൈറാന്റെ വീട്ടില്‍ തിരച്ചില്‍ നടത്തിയ പോലീസ്, കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി ചോദ്യംചെയ്‌തെങ്കിലും അലി ഒളിവില്‍ തുടരുകയായിരുന്നു. തട്ടിക്കൊണ്ടുപോയ സംഘത്തിലെ ആറുപേരെക്കുറിച്ച് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ ജൗഹറിന്റെ വീട്ടിലും ബന്ധുവീട്ടിലും പോലീസ് പരിശോധന നടത്തിയിരുന്നു. പിടികൂടുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് ജൗഹര്‍ സൗദിയിലേക്ക് കടക്കാന്‍ ശ്രമം നടത്തിയത്.
താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ ടി.എ. അഗസ്റ്റിന്‍, സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ്.ഐ. മാരായ രാജീവ് ബാബു, വി.കെ. സുരേഷ്, ബിജു പൂക്കോട്ട്, താമരശ്ശേരി എസ്.ഐ മാരായ വി.എസ്. ശ്രീജിത്ത്, കെ. സത്യന്‍, എ.എസ്.ഐ. എസ്.ഡി. ശ്രീജിത്ത്, സി.പി.ഒ. മാരായ കെ. ഷമീര്‍, ജിലു സെബാസ്റ്റ്യന്‍, മുഹമ്മദ് റാസിക്ക് എന്നിവരുള്‍പ്പെട്ട സംഘമാണ് വാഹനങ്ങള്‍ കണ്ടെത്തിയതും കേസന്വേഷണം നടത്തുന്നതും.