ഡെങ്കിപ്പനി ബാധിച്ചയാള്‍ക്ക് രക്തത്തിനു പകരം മുസംബി ജ്യൂസ് കയറ്റിയ സംഭവത്തില്‍ ആശുപത്രി ഇടിച്ചുനിരത്തുമെന്ന് കാട്ടി നോട്ടീസ്.
ലഖ്‌നൗ: ഡെങ്കിപ്പനി ബാധിച്ചയാള്‍ക്ക് രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകള്‍ കുത്തിവെക്കുന്നതിനു പകരം പഴച്ചാര്‍ കയറ്റിയ സംഭവത്തില്‍ ആശുപത്രി ഇടിച്ചുനിരത്തുമെന്ന് കാട്ടി നോട്ടീസ്. പ്രയാഗ് രാജിലെ ഗ്ലോബല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ട്രോമ സെന്ററിന്റെ കെട്ടിടം നിര്‍മിച്ചിരിക്കുന്നത് അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊളിച്ചുനീക്കാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. കെട്ടിടം അനുമതിയില്ലാതെയാണ് പണിതിരിക്കുന്നതെന്നും വെള്ളിയാഴ്ചക്കുള്ളില്‍ എല്ലാം ഒഴിപ്പിക്കണമെന്നും നോട്ടീസില്‍ പറയുന്നു.
ചികിത്സാ പിഴവ് സംബന്ധിച്ച പ്രാഥമിക അന്വേഷണത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരുന്നു. നിലവില്‍ ഇവിടെ രോഗികളൊന്നും ഇല്ല. ഈ വര്‍ഷം തുടക്കത്തില്‍ തന്നെ ആശുപത്രി കെട്ടിടം പൊളിച്ചുനീക്കാനുള്ള നോട്ടീസ് നല്‍കിയിരുന്നുവെന്നും ഇപ്പോള്‍ നല്‍കിയ നോട്ടീസില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
32കാരനായ പ്രദീപ് പാണ്ഡെയാണ് ചികിത്സാ പിഴവുമൂലം മരിച്ചത്. പ്ലാസ്മ എന്നെഴുതിയ ബാഗിലുണ്ടായിരുന്ന മുസംബി ജ്യൂസില്‍ രാസവസ്തുക്കള്‍ കലര്‍ത്തിയ ശേഷമാണ് രോഗിക്ക് ഡ്രിപ്പിട്ട് നല്‍കിയത്. ഇതിന് ശേഷം രോഗിയുടെ നില വഷളായതായി ബന്ധുക്കള്‍ ആരോപിച്ചു. പ്രയാഗ് രാജിലെ ഗ്ലോബല്‍ ആശുപത്രി ആന്‍ഡ് ട്രോമ സെന്ററിലാണ് സംഭവം നടന്നത്. രോഗിയുടെ നില വഷളായതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെവെച്ചാണ് രോഗി മരിച്ചത്. ഇയാള്‍ക്ക് നല്‍കിയത് പ്ലാസ്മ ബാഗില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത മുസംബി ജ്യൂസാണെന്ന് രണ്ടാമത്തെ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് കണ്ടെത്തിയത്.
അതേസമയം, രോഗിയുടെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് വളരെ താഴ്ന്നുപോയതോടെ ബന്ധുക്കളോട് ബ്ലഡ് പ്ലേറ്റ്‌ലെറ്റ് സംഘടിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അവരാണ് പ്ലേറ്റ്‌ലെറ്റ് പുറത്തുനിന്ന് വാങ്ങികൊണ്ടുവന്നതെന്നും ആരോപണ വിധേയരായ ആശുപത്രി അധികൃതര്‍ വിശദീകരിച്ചു.
ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് പ്ലേറ്റ്‌ലെറ്റിന്റെ അഞ്ച് യൂണിറ്റുകളാണ് ബന്ധുക്കള്‍ കൊണ്ടുവന്നത്. മൂന്ന് യൂണിറ്റ് നല്‍കിയതോടെ രോഗി പ്രതികരിച്ചു തുടങ്ങി. ഇതോടെ പ്ലേറ്റ്‌ലെറ്റ് നല്‍കുന്നത് തങ്ങള്‍ നിര്‍ത്തിയെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.