ഗൂഗിളിന് വീണ്ടും കോമ്പറ്റീഷന് കമ്മീഷനില്‍ നിന്ന് പിഴ ശിക്ഷ.
ന്യൂഡല്‍ഹി: ഗൂഗിളിന് വീണ്ടും കോമ്പറ്റീഷന് കമ്മീഷനില്‍ നിന്ന് പിഴ ശിക്ഷ. ചൊവ്വാഴ്ച 936.44 കോടി രൂപയാണ് കമ്മീഷന് പിഴയടയ്ക്കാന്‍ വിധിച്ചത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് കമ്മീഷന് ഗൂഗിളിന് പിഴ ശിക്ഷ വിധിക്കുന്നത്. ഇതോടെ വിപണിയിലെ മേധാവിത്വം ദുരുപയോഗം ചെയ്തതിന്റെ പേരില്‍ ആകെ 2274 കോടി രൂപ പിഴയായി നല്‍കേണ്ടി വരും.
ആന്‍ഡ്രോയിഡ് ആപ്പുകളുടെ ഇന്‍ ആപ്പ് പേമെന്റ് സംവിധാനത്തില്‍ കമ്പനിയുടെ തന്നെ പേമെന്റ് ആപ്പിന് പ്രചാരം നല്കാന് ശ്രമിച്ചുവെന്ന് കണ്ടെത്തിയതായി കമ്മീഷന് ചൊവ്വാഴ്ച പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച ആന്‍ഡ്രോയിഡ് ഫോണുകളില്‍ സ്വന്തം ആപ്പുകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതിനും മറ്റുമായി കമ്പനി സ്വീകരിച്ച നടപടികള്‍ വിപണിയിലെ മത്സരത്തിനെതിരാണെന്ന് നിരീക്ഷിച്ച കോമ്പറ്റീഷന് കമ്മീഷന് 1337.76 കോടി രൂപയാണ് പിഴയായി വിധിച്ചത്.
ഇതേ കേസുകളില്‍ ആഗോളതലത്തില്‍ വിവിധ രാജ്യങ്ങളില്‍ കമ്പനിയ്ക്കെതിരെ വിവിധ കേസുകള്‍ നടക്കുന്നുണ്ട്. ഓണ്‍ലൈന്‍ മാധ്യമങ്ങളുമായി വരുമാനം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ മാധ്യമ കൂട്ടായ്മ ഗൂഗിളിനെതിരെ നല്കിയ പരാതി കോടതിയുടെ പരിഗണനയിലാണ്.