സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ മാനസികപീഡനം; മനംമടുത്ത് വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നാടുവിട്ടു.

Spread the love

തൃശ്ശൂര്‍: സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് ഇഷ്ടപ്പെടാത്തതിന് മാനസികപീഡനമെന്ന് ആരോപണം. ഒപ്പം പിങ്ക് പോലീസിന്റെ ഡ്രൈവറാക്കി നിയമനവും. മനംമടുത്ത് വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നാടുവിട്ടു.
തൃശ്ശൂര്‍ നഗരത്തിലെ സ്റ്റേഷനിലായിരുന്നു സംഭവം. കേസന്വേഷണവുമായി ബന്ധപ്പെട്ടാണ് മെമ്മോ നല്‍കിയത്. ഇതിന് വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മറുപടിയും നല്‍കി. മറുപടി ഇത്തരത്തിലല്ല വേണ്ടത്, താന്‍ പറയുംപോലെ എഴുതണം എന്നായിരുന്നത്രേ സ്റ്റേഷന്‍ ഓഫീസറുടെ മറുപടി. കഴിയില്ലെന്നു പറഞ്ഞപ്പോള്‍ ഇപ്പോള്‍ അന്വേഷണത്തിലിരിക്കുന്ന എല്ലാ ഫയലുകളും കേസ് ഡയറിയും നല്‍കാന്‍ ആവശ്യപ്പെട്ടു. ഇത് വാങ്ങിയ ശേഷം പിങ്ക് പോലീസ് വണ്ടിയുടെ താക്കോല്‍ കൈയില്‍ക്കൊടുത്ത് ഇനി ആ ജോലി ചെയ്താല്‍ മതിയെന്ന് പറഞ്ഞു.
ഇത്തരത്തില്‍ മാനസികപീഡനം സഹിക്കവയ്യാതെയാണ് വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മെഡിക്കല്‍ അവധി പറഞ്ഞ് സ്റ്റേഷനില്‍നിന്ന് ഇറങ്ങിയതെന്നാണ് പോലീസ് വൃത്തങ്ങളിലെ സംസാരം. വൈകീട്ടായിട്ടും വീട്ടിലെത്താത്തതിനാല്‍ വീട്ടുകാര്‍ സ്റ്റേഷനുമായി ബന്ധപ്പെട്ടു. പ്രശ്‌നം ഗുരുതരമാകുമെന്ന് മനസ്സിലാക്കിയപ്പോള്‍ ആളെ കാണാതായതായി കേസെടുത്തു. പിന്നീട് പോലീസുകാര്‍ അന്വേഷണമായി. പോലീസുകാരെ പ്രതിസന്ധിയിലാക്കാന്‍ വീട്ടുകാര്‍ തന്നെ ഒളിപ്പിച്ചിരിക്കുകയാണെന്ന ആരോപണവുമുണ്ടായി.
പിറ്റേന്ന് അയല്‍ജില്ലയിലെ കൂട്ടുകാരിയുടെ വീട്ടില്‍ വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉണ്ടെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് കേസന്വേഷണഫയല്‍ ആവശ്യപ്പെട്ടപ്പോള്‍ ഇഷ്ടപ്പെടാതെ ഇറങ്ങിപ്പോയതാണെന്ന് സ്ഥാപിക്കാന്‍ പോലീസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ മേലുദ്യോഗസ്ഥന്‍ ശ്രമം നടത്തിയതായി അടക്കംപറച്ചിലുണ്ട്. പ്രശ്‌നം ഒത്തുതീര്‍ക്കാനുള്ള ശ്രമവും ഇതിനിടയില്‍ നടന്നു. പക്ഷേ, വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ തയ്യാറായില്ല. അപ്പോഴാണ് ഗ്രൂപ്പില്‍ ഇത്തരത്തില്‍ പോസ്റ്റ് ഇട്ടുതുടങ്ങിയതെന്നാണ് പോലീസ് വൃത്തങ്ങളിലെ സംസാരം.

Leave a Reply

Your email address will not be published. Required fields are marked *