ഹിമാചല്‍ പ്രദേശില്‍ വ്യാജ രേഖകളുമായി ചൈനീസ് വനിത അറസ്റ്റില്‍.
ഷിംല: ഹിമാചല്‍ പ്രദേശില്‍ വ്യാജ രേഖകളുമായി ചൈനീസ് വനിത അറസ്റ്റില്‍. ഇവരില്‍ നിന്നും ആറര ലക്ഷം രൂപയും മൊബൈല്‍ ഫോണുകളും പിടികൂടി. ബുദ്ധവിഹാരത്തില്‍ മതപഠന ക്ലാസുകള്‍ എടുത്തിരുന്ന യുവതിയാണ് പിടിയിലായത്. നേരത്തെ ഡല്‍ഹിയിലും വ്യാജ രേഖകളുമായി കഴിഞ്ഞിരുന്ന ചൈനീസ് യുവതി പിടിയിലായിരുന്നു. ടിബറ്റന്‍ ബുദ്ധസന്ന്യാസിയുടെ വേഷത്തില്‍ രണ്ട് വര്‍ഷമായി ഡല്‍ഹിയില്‍ കഴിയുന്നതിനിടെയാണ് യുവതി പിടിയിലായത്. അടിമുടി സംശയം നിറഞ്ഞതായിരുന്നു യുവതിയുടെ പ്രവര്‍ത്തനങ്ങളെന്നാണ് പൊലീസ് സെപ്ഷ്യല്‍ സെല്‍ വൃത്തങ്ങള്‍ പറഞ്ഞത്.
മതിയായ രേഖകളില്ലാതെ താമസിക്കുകയായിരുന്ന ചൈനീസ് പൗരയെ മജു നാ കാട്ടിലയില്‍ നിന്നാണ് ഡല്‍ഹി പൊലീസ് സെപ്ഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തത്. ടിബറ്റന്‍ അഭയാര്‍ത്ഥി കേന്ദ്രത്തിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. പിടികൂടുന്ന സമയത്ത് ബുദ്ധ സന്ന്യാസിയുടെ വേഷമാണ് ധരിച്ചിരുന്നത്. ഇവരുടെ പക്കലില്‍ നിന്നും നേപ്പാള്‍ സ്വദേശിയാണെന്ന വ്യാജ പാസ്പോര്‍ട്ട് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അഭയാര്‍ത്ഥിയായി കഴിഞ്ഞിരുന്ന യുവതി കേന്ദ്രസര്‍ക്കാരിലെ ഉദ്യോഗസ്ഥരുമായും ചില സന്നദ്ധ സംഘടനങ്ങളുമായി ബന്ധം പുലര്‍ത്തിയെന്നാണ് പുറത്തുവരുന്ന വിവരം. രാജ്യത്തിന്റെ തന്ത്രപ്രധാനമായ ചില വിവരങ്ങള്‍ ചോര്‍ത്താന്‍ ഇവര്‍ ശ്രമിച്ചെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍. അഭയാര്‍ത്ഥി എന്ന വ്യാജേന താമസിക്കുമ്പോള്‍ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തതിലും അന്വേഷണ ഏജന്‍സി സംശയം പ്രകടപ്പിക്കുന്നുണ്ട്.
2019 ല്‍ ചൈനീസ് പാസ്പോര്ട്ടില് ഇന്ത്യയില്‍ എത്തി മടങ്ങിയ ഇവര്‍, പിന്നീട് 2020 ല്‍ നേപ്പാള്‍ പൌരയെന്ന വ്യാജ പാസ്പോര്‍ട്ടിലാണ് ബീഹാറിലൂടെ ദില്ലിക്ക് എത്തുന്നത്. ഇവര്‍ക്ക് ഒപ്പം എത്തിയവരെ കണ്ടെത്താനുള്ള ശ്രമമാണ് സെപഷ്യല്‍ സെല്‍ തുടരുന്നത്. ചോദ്യം ചെയ്യലില്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് തന്നെ കൊല്ലണമെന്ന് ഉദ്ദേശ്യമുണ്ടെന്ന് ഇവര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് അന്വേഷണം വഴിതെറ്റിക്കാനുള്ള നീക്കമെന്നാണ് പൊലീസ് കരുതുന്നത്.