ചീരാല്‍ പഞ്ചായത്തില്‍ വീണ്ടും കടുവയുടെ സാന്നിധ്യം.
വയനാട്: ചീരാല്‍ പഞ്ചായത്തിന് ആശങ്കയിലാഴ്ത്തി വീണ്ടും കടുവയുടെ സാന്നിധ്യം. ഇന്നലെ രാത്രി മാത്രം മൂന്ന് വളര്‍ത്തു മൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. പഴൂര്‍ സ്വദേശി ഇബ്രാഹിമിന്റെ പശുവിനെ കൊന്ന കടുവ ഇബ്രാഹിമിന്റെ സഹോദരിയുടെ പശുവിനേയും ആക്രമിച്ച് പരിക്കേല്‍പിച്ചു. ഐലക്കാട് രാജന്‍ എന്നയാളുടെ പശുവിനേയും കടുവ ആക്രമിച്ചു.
ഒരു മാസത്തിനിടെ ചീരാല്‍ മേഖലയില്‍ 13 വളര്‍ത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. കടുവയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്നലെ രാത്രിയില്‍ ഗൂഢലൂര്‍ സുല്‍ത്താന്‍ ബത്തേരി റോഡ് നാട്ടുകാര്‍ ഉപരോധിച്ചിരുന്നു. തോട്ടാമൂല ഫോറസ്റ്റ് സ്‌റ്റേഷന് മുന്നിലായി ഇന്ന് മുതല്‍ രാപ്പകല്‍ സമരം ആരംഭിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചിട്ടുണ്ട്.
വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും രാത്രി മുഴുവന്‍ തെരഞ്ഞെങ്കിലും കടുവയെ പിടികൂടാനായിട്ടില്ല. വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ വിപുലമായ സംഘമാണ് കടുവയ്ക്കായി ദിവസങ്ങളായി തെരച്ചില്‍ നടത്തുന്നത്. ഉള്‍വനത്തിലടക്കംവനപാലകസംഘം തെരച്ചില്‍ നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായിട്ടില്ല.
കടുവയെ കണ്ടെത്താന്‍ 18 നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുകയും മൂന്ന് കൂടുകള്‍ ഒരുക്കുകയും ചെയ്തിരുന്നു. ചീഫ് വെറ്റിനറി സര്‍ജന്‍ അരുണ് സക്കറിയയുടെ നേതൃത്വത്തില്‍ മൂന്നംഗസംഘവും ആര്‍ആര്‍ടി ടീമും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. കടുവയെ കണ്ടെത്താന്‍ കൂടുതല്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുമെന്ന് വനപാലകസംഘം അറിയിച്ചു. എന്നാല്‍ ഇത്ര ദിവസം കഴിഞ്ഞിട്ടും കടുവയെ പിടികൂടാന്‍ വനപാലകസംഘത്തിന് സാധിക്കാതെ വന്നതോടെ വലിയ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.
വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ മയക്കുവെടിവച്ച് കടുവയെ പിടികൂടാന്‍ വനം വകുപ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍ പത്തു സംഘങ്ങളായി നടത്തിയ തിരച്ചിലിലും കടുവയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കടുവയുടെ നീക്കം കൃത്യമായി മനസിലാക്കാന്‍ സാധിക്കാത്തതാണ് വനം വകുപ്പിന് വെല്ലുവിളിയാകുന്നത്.