വിസിമാർക്കെതിരായ നീക്കത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാനെതിരെ കോൺഗ്രസ് എംപി കെ മുരളീധരൻ രംഗത്ത്.
വിസിമാർക്കെതിരായ നീക്കത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാനെതിരെ കോൺഗ്രസ് എംപി കെ മുരളീധരൻ രംഗത്ത്. എല്ലാ വിസിമാരേയും നിയമിച്ചത് ഈ ഗവർണർ തന്നെയാണ്. അന്ന് എന്തിന് ഇത് അംഗീകരിച്ചുവെന്ന് കെ മുരളീധരൻ എംപി ചോദിച്ചു.
ഗവർണർ വിസിമാരുടെ രാജി ആവശ്യപ്പെട്ടത് എന്ത് അടിസ്ഥാനത്തിലാണ്?. എന്തുകൊണ്ട് ആദ്യം വിശദീകരണം തേടിയില്ല. ഗവർണർ എടുത്തു ചാടി പ്രവർത്തിക്കുകയാണ്. ഗവർണർ രാജാവ് ആണോ? ഈ ഗവർണറെ അംഗീകരിക്കാനാവില്ല. പാർട്ടിക്ക് ഇന്ത്യയിൽ ഒരു നയമെ ഉള്ളൂവെന്നും കെ മുരളീധരൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലപാട് മുരളീധരൻ തള്ളി. പാർട്ടിക്ക് ഉള്ളിൽ ഇതേക്കുറിച്ച് ചർച്ചയ്ക്ക് സമയം കിട്ടിയിട്ടില്ലെന്ന് മുരളീധരൻ വ്യക്തമാക്കി.
പ്രതിപക്ഷത്തിന് ഇതിൽ റോളില്ല. ചെപ്പിടവിദ്യയും പിപ്പിടിവിദ്യയും മാറ്റി പ്രശ്‌നം പരിഹരിക്കണം. ഇരുകൂട്ടരും തെറ്റ് ചെയ്തു.സുപ്രീം കോടതി വിധിയുടെ മറവിൽ എല്ലാ വി.സിമാർക്കും എതിരെ നടപടി എടുത്തു.ഗവർണർമാരെ പ്രോത്സാഹിപ്പിക്കുന്ന സമീപനം യുഡിഎഫിന് ഇല്ല.ഗവർണ്ണർമാരിലൂടെ കാവിവൽക്കരണം നടത്താൻ ശ്രമം നടക്കുന്നു. ഗവർണറെ വെച്ച് കളിക്കുന്ന ഒരു കളിയോടും യോജിക്കില്ല. ദേശീയ നയം സുധാകരനും സതീശനും അറിയില്ലേ എന്നത് അവരോട് ചോദിക്കണം. പുറത്താക്കി പകരം വി.സിമാരെ വെക്കുന്നതിൽ യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു
അതേസമയം ലീഗ് നിലപാടിൽ മാറ്റമില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗവർണ്ണറുടെ എല്ലാ നിലപാടുകളും അംഗീകരിക്കാനാവില്ല. ജനാധിപത്യ മാർഗത്തിൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധിക്കും.