കോയമ്പത്തൂരില്‍ ഉക്കടത്ത് ക്ഷേത്രത്തിന് സമീപം കാറില്‍ സ്‌ഫോടനമുണ്ടായ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍.

Spread the love

കോയമ്പത്തൂര്‍:  കോയമ്പത്തൂരില്‍ ഉക്കടത്ത് ക്ഷേത്രത്തിന് സമീപം കാറില്‍ സ്‌ഫോടനമുണ്ടായ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ഫിറോസ് ഇസ്മയില്‍, നവാസ് ഇസ്മയില്‍, മുഹമ്മദ് ധല്‍ഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. ജി എം നഗര്‍, ഉക്കടം സ്വദേശികളാണ് പിടിയിലായവര്‍. ഇവര്‍ സ്‌ഫോടനത്തില്‍ മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധം പുലര്‍ത്തിയവരായിരുന്നു. സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ചതിലും സ്‌ഫോടനത്തിന്റെ ആസൂത്രണത്തിലും ഇവര്‍ക്ക് പങ്കുള്ളതായുള്ള സൂചനകളണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്.
കോയമ്പത്തൂരില്‍ കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിനു മുന്നിലാണ് സ്‌ഫോടനമുണ്ടായത്. കാര്‍ പൂര്‍ണമായി കത്തി നശിച്ചിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചായിരുന്നു പൊലീസ് അന്വേഷണത്തില്‍ മുന്നോട്ട് പോയത്. സ്‌ഫോടനം നടന്ന ടൗണ്‍ ഹാളിനടുത്തുള്ള കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീട്ടിന് സമീപത്തെ ദൃശ്യങ്ങളുമാണ് ശേഖരിച്ചത്. രാത്രി 11.45ന് സിസിടിവിയില്‍ റെക്കോര്‍ഡഡ് ആയ ദൃശ്യങ്ങളാണ് മുബിന്റെ വീട്ടിന് സമീപത്ത് നിന്ന് കിട്ടിയത്.
ഈ ദൃശ്യങ്ങളില്‍ നാലു പേര്‍ കാറിനകത്തേക്ക് സാധനങ്ങള്‍ എടുത്തു വയ്ക്കുന്നത് പതിഞ്ഞിട്ടുണ്ടായിരുന്നു. ഇതിനിടെ സ്‌ഫോടനത്തിന് പിന്നില്‍ തീവ്രവാദ ബന്ധം ഉണ്ടോയെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ടായി. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബിന്‍ എന്ന യുവാവ് 2009 ല്‍ ദേശീയ അന്വേഷണ ഏജന്‍സി തീവ്രവാദ ബന്ധം സംശയിച്ച് ചോദ്യം ചെയ്ത് വിട്ടയച്ചയാളാണെന്നതാണ് അന്വേഷണ സംഘത്തിന്റെ സംശയത്തിന് ഇടയാക്കിയത്. ഇക്കാര്യം വ്യക്തമായതിന് പിന്നാലെ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു.
1998ലെ കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പരയിലെ പ്രതികളുടെ ബന്ധു വീടുകളില്‍ പൊലീസ് പരിശോധന നടത്തുകയും ചെയ്തു. അല്‍ ഉമ സംഘടനയുടെ തലവന്‍ ബാഷയുടെ സഹോദരന്റെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്. ബാഷയുടെ സഹോദരന്‍ നവാബ് ഖാന്റെ മകന്‍ തല്‍കയെ ചോദ്യം ചെയ്തിരുന്നു. ഉക്കടം വിന്‍സന്റ് റോഡിലെ വീട്ടില്‍ വൈകിട്ടോടെയാണ് പൊലീസ് സംഘം പരിശോധനക്കെത്തിയത്. ആറ് പ്രത്യേക അന്വേഷണ സംഘങ്ങളാണ് കാറിലെ സ്‌ഫോടന കേസ് അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *