ലൈംഗിക പീഡന കേസിൽ കീഴടങ്ങിയ സാഹിത്യകാരൻ സിവിക് ചന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തി.
ലൈംഗിക പീഡന കേസിൽ കീഴടങ്ങിയ സാഹിത്യകാരൻ സിവിക് ചന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിൽ സിവിക് കുറ്റം നിഷേധിച്ചു. വൈദ്യ പരിശോധന പൂർത്തിയാക്കിയ സിവിക്കിനെ അൽപസമയത്തിനകം കോഴിക്കോട് ജില്ലാ കോടതിയിൽ ഹാജരാക്കും.
ലൈംഗികാതിക്രമത്തിനൊപ്പം പട്ടികജാതി പീഡന നിരോധന വകുപ്പ് കൂടി സിവിക്കിനെതിരെ ചേർത്തിട്ടുണ്ട്. എന്നാൽ പരാതിക്കാരിയുടെ ജാതി അറിയില്ലെന്നും ജാതി നോക്കി പ്രവർത്തിക്കുന്ന ആളല്ല താനെന്നുമാണ് ചോദ്യം ചെയ്യലിനിടെ സിവിക് അന്വേഷണ സംഘത്തോട് പറഞ്ഞത്.
2022 ഏപ്രിൽ 17 ന് പുസ്തക പ്രകാശന ചടങ്ങിനെത്തിയ യുവ എഴുത്തുകാരിക്ക് നേരെ സിവിക് ചന്ദ്രൻ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി സിവിക്കിന് ആദ്യം മുൻകൂർ ജാമ്യം നൽകിയിരുന്നു. ഇത് ഹൈക്കോടതി റദ്ദാക്കിയതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ വടകര ഡിവൈഎസ്പിക്ക് മുന്നിൽ സിവിക് കീഴടങ്ങിയത്. എന്നാൽ ഹൈക്കോടതിയുടെ പ്രത്യേക നിർദ്ദേശമുള്ളതിനാൽ അറസ്റ്റിലായ പ്രതിയെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കും.