ചെപ്പടിവിദ്യ കാണിക്കുന്നവരോട് അല്‍പം പിപ്പിടിയാകാമെന്ന് ഗവര്‍ണ്ണര്‍.മുഖ്യമന്ത്രിക്ക് പരോക്ഷ മറുപടി
തിരുവനന്തപുരം: വൈസ് ചാന്‍സിലര്‍മാരുടെ രാജി ആവശ്യപ്പെട്ടുള്ള വിവാദത്തിനിടെ മുഖ്യമന്ത്രിയുടെ പിപ്പിടി പ്രയോഗം പരാമര്‍ശിച്ച് ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം. ചെപ്പടിവിദ്യ കാണിക്കുന്നവരോട് അല്‍പം പിപ്പിടിയാകാമെന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. മാധ്യമപ്രവര്‍ത്തനം എന്ന നിലയില്‍ ചിലര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയാണെന്നും കടക്കു പുറത്തെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തിരിക്കുമ്പോള്‍ മാധ്യമ സിന്‍ഡിക്കേറ്റ് എന്നു പറഞ്ഞതും ഭരണ പക്ഷത്ത് ഇരിക്കുമ്പോള്‍ കടക്ക് പുറത്തെന്നും പറഞ്ഞതും താനല്ല. മാധ്യമങ്ങളോട് തനിക്കെന്നും ബഹുമാനമാണ്. ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ അത്യാവശ്യ ഘടകമാണ്. എന്നാല്‍ മാധ്യമ പ്രവര്‍ത്തനം പാര്‍ട്ടി പ്രവര്‍ത്തനമായി കാണുന്നവരോട് പ്രതികരിക്കാനില്ല എന്നാണ് പറഞ്ഞത്. അധികാര ദുര്‍വിനിയോഗം നടത്തിയത് താനല്ല, വിസിമാരാണ്. മുഖ്യമന്ത്രിയോട് ചോദ്യം ചോദിയ്ക്കാന്‍ മാധ്യമങ്ങള്‍ക്ക് ധൈര്യം ഇല്ലാത്ത സ്ഥിതിയാണ്.
സാങ്കേതിക സര്‍വകലാശാല വിസി നിയമനം ചട്ടവിരുദ്ധമെന്ന് കണ്ടെത്തിയത് സുപ്രീം കോടതിയാണ്. വിസി നല്ല നിലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. കെടിയു വിസിക്ക് ആവശ്യമായ യോഗ്യതയുണ്ടായിരുന്നു. അവരെ തെരെഞ്ഞെടുത്ത രീതി തെറ്റാണെന്നാണ് കോടതി പറഞ്ഞത്. വൈസ് ചാന്‍സലര്‍മാരെ നിയന്ത്രിക്കുന്നത് എല്‍ ഡി എഫാണെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.
9 സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍മാരോട് ആരിഫ് മുഹമ്മദ് ഖാന്‍ രാജിവെക്കാന്‍ ആവശ്യപ്പെട്ട വിഷയത്തില്‍ ഗവര്‍ണറുടെ പശ്ചാത്താപത്തിനെയാണ് പ്രതിപക്ഷവും കോണ്‍ഗ്രസും സ്വാഗതം ചെയ്തതെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചു. അതിര് കടന്ന നടപടിയിലേക്ക് ഗവര്‍ണറെ എത്തിച്ചതില്‍ സര്‍ക്കാരിനും പങ്കുണ്ട്. മാനദണ്ഡം ലംഘിച്ച് ആണ് നിയമനങ്ങള്‍ നടന്നത്. സര്‍വകലാശാല നിയമനങ്ങളില്‍ ഉള്‍പ്പെടെ മാനദണ്ഡം ലംഘിക്കുന്ന നടപടി ഉണ്ടായിരുന്നുവെന്ന് വ്യക്തമാണ്. ലീഗിന്റെ നിലപാട് മുഖ്യമന്ത്രി പുകഴ്ത്തിയ കാര്യം ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി ചെയ്ത തെറ്റ് സമ്മതിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.