പാനൂരില്‍ വിഷ്ണുപ്രിയയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍
കണ്ണൂര്‍ പാനൂരില്‍ വിഷ്ണുപ്രിയയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍. മാനന്തേരി സ്വദേശിയായ ശ്യംജിത്തിനെയാണ് കസ്റ്റഡിയില്‍ എടുത്തതായി വിവരങ്ങള്‍ പുറത്ത് വരുന്നത്. കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ സുഹൃത്താണ് ഇയാളെന്നും പൊലീസ് സൂചന നല്‍കി. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ അറസ്റ്റ് ഉടന്‍ തന്നെ രേഖപ്പെടുത്തും.
ഇന്ന് ഉച്ചയോടെയാണ് കണ്ണച്ചാന്‍ക്കണ്ടി ഹൗസില്‍ വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ (23)യെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്ത് ഇരു കൈകളും വെട്ടിമുറിച്ച നിലയില്‍ കിടപ്പുമുറിയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. ആക്രമണസമയത്ത് വീട്ടില്‍ തനിച്ചായിരുന്നു വിഷ്ണുപ്രിയ. അഞ്ചു ദിവസം മുമ്പ് വിഷ്ണുപ്രിയയുടെ പിതാവിന്റെ അമ്മ മരണപ്പെട്ടതിനാല്‍ കുടുംബക്കാരും ബന്ധുക്കളും അവിടെയായിരുന്നു. ഉച്ചയോടെ തൊപ്പി ധരിച്ച് ബാഗുമായി ഒരാളെ വിഷ്ണുപ്രിയയുടെ വീടിന് മുന്നില്‍ കണ്ടതായാണ് നാട്ടുകാര്‍ മൊഴി നല്‍കിയിരുന്നു.