കാഞ്ഞിരപ്പള്ളിയില്‍ പൊലീസുകാരന്‍ പ്രതിയായ മാങ്ങ മോഷണ കേസ് ഒത്തു തീര്‍പ്പിലേക്ക്.

Spread the love

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍ പൊലീസുകാരന്‍ പ്രതിയായ മാങ്ങ മോഷണ കേസ് ഒത്തു തീര്‍പ്പിലേക്ക്. കേസ് ഒതുക്കിത്തീര്‍ക്കുവാനുള്ള സാഹചര്യം പൊലീസ് തന്നെ ഒരുക്കി നല്‍കിയെന്ന ആക്ഷേപം ശക്തമാണ്. കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് കാട്ടി പരാതിക്കാരനായ പഴക്കച്ചവടക്കാരന്‍ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. അപേക്ഷയില്‍ കോടതി നാളെ വിധി പറഞ്ഞേക്കും. ഈ കേസില്‍ 17 ദിവസങ്ങളാണ് പ്രതി ഒളിവില്‍ കഴിഞ്ഞത് എന്നത് എടുത്തുപറയേണ്ട കാര്യമാണ്.
കാഞ്ഞിരപ്പള്ളി പേട്ട കവലയിലെ പച്ചക്കറിക്കടയില്‍നിന്നാണ് പൊലീസുകാരന്‍ മാങ്ങ മോഷ്ടിച്ചത്. മുണ്ടക്കയം വണ്ടന്‍പതാല്‍ 10 സെന്റ് കോളനിയില്‍ പുതുപ്പറമ്പില്‍ പി.ബി. ഷിഹാബാണ് (36) മോഷണക്കേസില്‍ കുടുങ്ങിയത്. വ്യാഴാഴ്ച രാവിലെ കാഞ്ഞിരപ്പള്ളി കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് എത്തുമെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് കാത്തുനിന്നെങ്കിലും പ്രയോജനമുണ്ടായിരുന്നില്ല.
വില്‍പ്പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങയാണ് ഷിഹാബ് മോഷ്ടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ഷിഹാബ് ഒളിവില്‍ പോവുകയായിരുന്നു. ഈ മാസം മൂന്നാം തീയതി ഷിഹാബിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഇയാളുടെ പ്രവര്‍ത്തനം പൊലീസ് സേനക്കാകെ നാണക്കേടുണ്ടാക്കിയതിനാല്‍ ഡി.ജി.പി തലത്തില്‍ വരെയുള്ള ഇടപെടലാണ് ഉണ്ടായത്. ഇയാള്‍ മുമ്പ് പീഡനക്കേസില്‍ ഇരയെ ശല്യം ചെയ്തതിലും വീടുകയറി ആക്രമിച്ചതടക്കമുള്ള കേസ് വിചാരണയിലാണ്. ഇതിനിടയിലാണ് പുതിയ കേസ് കൂടി വന്നത്.

പൊലീസിന്റെ അന്വേഷണത്തെ കുറിച്ച് പൊലീസുകാരന്‍ കൂടിയായ ഷിഹാബിന് നല്ല അറിവുണ്ട്. ഇക്കാരണത്താലാണ് പ്രതിയിലേക്ക് എത്താന്‍ കാഞ്ഞിരപ്പളളി പൊലീസിന് കഴിയാത്തതെന്നും ആക്ഷേപമുണ്ട്. ഷിഹാബ് തൃശൂരിലും പാലക്കാടും ഒളിവില്‍ കഴിഞ്ഞിരുന്നുവെന്ന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഇയാള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയതോടെയാണ് ഒരുതുമ്പും പൊലീസിന് ലഭിക്കാതായത്.

Leave a Reply

Your email address will not be published. Required fields are marked *