പ്രശസ്ത ഗവേഷകനും അധ്യാപകനുമായ ഡോ. സ്കറിയ സക്കറിയ (75) അന്തരിച്ചു.
കൊച്ചി: പ്രശസ്ത ഗവേഷകനും അധ്യാപകനുമായ ഡോ. സ്കറിയ സക്കറിയ (75) അന്തരിച്ചു. അസുഖങ്ങള്‍മൂലം ഏതാനും മാസങ്ങളായി ചങ്ങനാശ്ശേരി കരിക്കമ്പള്ളി വീട്ടില്‍ വിശ്രമത്തിലായിരുന്നു. ദീര്‍ഘ കാലം ചങ്ങനാശ്ശേരി എസ്.ബി. കോളേജിലും തുടര്‍ന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലും മലയാളം വകുപ്പധ്യക്ഷനായിരുന്നു. ജര്‍മനി, ഇസ്രയേല്‍, അമേരിക്ക തുടങ്ങി വിവിധ രാജ്യങ്ങളിലെ ഭാഷാശാസ്ത്രജ്ഞരുമായും സംസ്കാര ഗവേഷകരുമായും ചേര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ ഒട്ടേറെ ഗവേഷണ പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സംസ്കാര പഠനം കള്‍ച്ചറല്‍ സ്റ്റഡീസ് എന്ന വിജ്ഞാന ശാഖയ്ക്ക് കേരളത്തില്‍ തുടക്കമിട്ടത് അദ്ദേഹമാണ്.
മലയാള ഭാഷയുടെ വികാസ പരിണാമങ്ങളുമായി ബന്ധപ്പെട്ട അതിവിപുലമായ ഗവേഷണങ്ങള്‍ ഡോ. സ്കറിയ സക്കറിയ നടത്തിയിട്ടുണ്ട്. ജര്‍മനിയിലെ ടൂബിങ്ങന്‍ സര്‍വകലാശാലയില്‍നിന്ന് ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ രേഖാ ശേഖരങ്ങള്‍ കണ്ടെത്തി പ്രസിദ്ധീകരിച്ചത് അക്കൂട്ടത്തില്‍ ഏറെ പ്രധാനമാണ്. വിപുലമായ അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധങ്ങളില്‍ പ്രധാനപ്പെട്ടവ മലയാള വഴികള്‍ എന്ന പേരില്‍ രണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദയം പേരൂര്‍ സുന്നഹദോസിന്റെ കാനോനകള്‍, മലയാളവും ഹെര്‍മന്‍ ഗുണ്ടര്‍ട്ടും തുടങ്ങി ഗവേഷണ പ്രധാനമായ ഒട്ടേറെ കൃതികള്‍ പ്രസിദ്ധീകരിച്ചു.
മലയാള ഭാഷാ പഠനം, സംസ്കാര പഠനങ്ങള്‍, ഭാഷാ ചരിത്രം, ജൂത പഠനം, സ്ത്രീപഠനങ്ങള്‍, വിവര്‍ത്തന പഠനങ്ങള്‍, ഫോക്ക്ലോര്‍ തുടങ്ങി മലയാളവും കേരളവുമായി ബന്ധപ്പെട്ട ഒട്ടേറെ പഠനമേഖലകള്‍ക്ക് അന്താരാഷ്ട്ര നിലവാരം നല്കിയ മുതിര്‍ന്ന ഗവേഷകനാണ്. ഓക്സ്ഫോഡ്, കേംബ്രിഡ്ജ് തുടങ്ങി ഒട്ടേറെ വിദേശ സര്‍വകലാശാലകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
മലയാളം സര്‍വകലാശാലയും അടുത്തിടെ എം.ജി. സര്‍വകലാശാലയും ഡി. ലിറ്റ് നല്കി ആദരിച്ചിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചിട്ടുണ്ട്. ഭാര്യ: മേരിക്കുട്ടി സ്കറിയ. മക്കള്‍: ഡോ. അരുള്‍ ജോര്‍ജ് സ്കറിയ (നാഷണല്‍ ലോ യൂണിവേഴ്സിറ്റി ബെംഗളൂരു), ഡോ. സുമ സ്കറിയ (കേന്ദ്ര സര്‍വകലാശാല, ഗുല്‍ബെര്‍ഗ). മരുമക്കള്‍: ഡോ. നിത മോഹന്‍ (ബെംഗളൂരു), ഡോ. വി.ജെ. വര്‍ഗീസ് (ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി). സംസ്കാരം വ്യാഴാഴ്ച മൂന്നിന് ചങ്ങനാശേരി വലിയപള്ളിയില്‍