സ്വതന്ത്ര അംഗം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായതോടെ ഇടുക്കി വണ്ടന്മേട് പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി.
തൊടുപുഴ: സ്വതന്ത്ര അംഗം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായതോടെ ഇടുക്കി വണ്ടന്മേട് പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി. അവിശ്വാസപ്രമേയത്തെ യു.ഡി.എഫും ബി.ജെ.പി.യും പിന്തുണച്ചതോടെയാണ് എല്‍.ഡി.എഫിന് ഭരണം നഷ്ടമായത്. എട്ടിനെതിരേ പത്തുവോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. എല്‍.ഡി.എഫ്. അംഗം സൗമ്യ രാജിവെച്ച ഒഴിവില്‍നടന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. ജയിച്ചതിനെത്തുടര്‍ന്നാണ് അവിശ്വാസം കൊണ്ടുന്നത്. എം.ഡി.എം.എ. കേസില്‍ ഭര്‍ത്താവിനെ കുടുക്കാന്‍ ശ്രമിച്ച് പോലീസിന്റെ പിടിയിലായതിനെത്തുടര്‍ന്നാണ് സൗമ്യ രാജിവെച്ചത്.
2020ല്‍ എട്ടുവാര്‍ഡുകളില്‍ വിജയിച്ചാണ് എല്‍.ഡി.എഫ്. അധികാരത്തില്‍ വന്നത്. യു.ഡി.എഫിന് അഞ്ചും ബി.ജെ.പിക്ക് മൂന്നും അംഗങ്ങളും ഒരു സ്വതന്ത്രനുമാണ് ഉണ്ടായിരുന്നത്. ഇതിനിടെ അച്ചന്‍കാനം വാര്‍ഡ് അംഗം സൗമ്യയെ പോലീസ് പിടികൂടിയിരുന്നു. ഭര്‍ത്താവിനെ കുടുക്കാനായി വാഹനത്തില്‍ മാരക ലഹരിവസ്തുവായ എം.ഡി.എം.എ.വെച്ച കേസിലായിരുന്നു സൗമ്യയെ പോലീസ് അറസ്റ്റ് ചെയതത്. ഇതിന് പിന്നാലെ യു.ഡി.എഫും ബി.ജെ.പി.യും സ്വതന്ത്ര അംഗവും ചേര്‍ന്ന് ആറുമാസംമുമ്പ് അവിശ്വാസം കൊണ്ടുവന്നിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.
കേസ് വിവാദമായതിന് പിന്നാലെ സൗമ്യ രാജിവെച്ചു. ഈ ഒഴിവിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. വാര്‍ഡ് പിടിച്ചെടുത്തു. ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ യു.ഡി.എഫിന് ആറ് അംഗങ്ങളായി. തുടര്‍ന്നാണ് സ്വതന്ത്ര അംഗം സുരേഷ് മാനങ്കേരിയും യു.ഡി.എഫും ചേര്‍ന്ന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ബി.ജെ.പി. കൂടി പിന്തുണച്ചതോടെ അവിശ്വാസം പാസാകുകയായിരുന്നു.