രാത്രി വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് അമ്മയെയും മകളെയും കുത്തിപ്പരിക്കേല്പിച്ച് കടന്നുകളഞ്ഞു.
ന്യൂമാഹി: രാത്രി വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് അമ്മയെയും മകളെയും കുത്തിപ്പരിക്കേല്പിച്ച് കടന്നുകളഞ്ഞു. ബുധനാഴ്ച രാത്രി എട്ടോടെ ന്യൂമാഹി ഉസ്സന്‍മൊട്ട പരിസരത്താണ് സംഭവം. കുറിച്ചിയില്‍ ചവോക്കുന്ന് താഴെ റെയില്‍വേപ്പാളത്തിന് സമീപം എം.എന്‍. പുഷ്പരാജിന്റെ (അനില്‍) ഭാര്യ ഇന്ദുലേഖയ്ക്കും (46) മകള്‍ പൂജയ്ക്കും (19) ആണ് കുത്തേറ്റത്. മകളെ കുത്താനുള്ള ശ്രമം തടഞ്ഞപ്പോഴാണ് അമ്മയ്ക്കും കുത്തേറ്റത്.
കഴുത്തിന് കുത്താനായിരുന്നു പ്രതിയുടെ ശ്രമമെങ്കിലും അമ്മ തടഞ്ഞതോടെ തോളിനാണ് പരിക്കേറ്റത്. മാഹി പള്ളൂര്‍ പോളിടെക്‌നിക്ക് വിദ്യാര്‍ഥിനിയാണ് പൂജ. ഇരുവരെയും സാരമായ പരിക്കുകളോടെ തലശ്ശേരി ജനറല്‍ ആസ്പത്രിയിലും തുടര്‍ന്ന് ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരെയും കുത്തി കടന്നുകളഞ്ഞ മാഹി ചെറുകല്ലായിയിലെ ജിനീഷിനെ (24) കണ്ടെത്താന്‍ തിരച്ചില്‍ തുടങ്ങിയതായി ന്യൂമാഹി പോലീസ് അറിയിച്ചു.