കോട്ടക്കലിൽ അതിമാരക ലഹരി വസ്തുവായ എംഡിഎംഎയുമായി മൂന്ന് പേരെ കോട്ടക്കൽ പൊലീസ് പിടികൂടി.
മലപ്പുറം: കോട്ടക്കലിൽ അതിമാരക ലഹരി വസ്തുവായ എംഡിഎംഎയുമായി മൂന്ന് പേരെ കോട്ടക്കൽ പൊലീസ് പിടികൂടി. പുറങ്ങ് കാഞ്ഞിരമുക്ക് സ്വദേശി മുസ്തഫ ആഷിഖ് (26), പെരുമ്പടപ്പ് ഐരൂർ സ്വദേശികളായ വെളിയത്ത് ഷാജഹാൻ (29), വെളിയത്ത് ഹാറൂൺ അലി (29) എന്നിവരാണ് പിടിയിലായത്. ഒരാഴ്ചയോളം നടത്തിയ രഹസ്യ നിരീക്ഷണത്തിന് ഒടുവിലാണ് സംഘം പിടിയിലായത്. മലപ്പുറം ഡിവൈഎസ്പി അബ്ദുൽ ബഷീർ, കോട്ടക്കൽ പൊലീസ് ഇൻസ്‌പെക്ടർ എം കെ ഷാജി എന്നിവരുടെ നേതൃത്വത്തിൽ കോട്ടക്കൽ പൊലീസ്, ജില്ലാ ആന്‍റി നർക്കോട്ടിക് സ്‌പെഷ്യൽ ടീം എന്നിവരടങ്ങുന്ന പ്രത്യേക സംഘം പിടികൂടിയത്. ഇവരിൽ നിന്നും 50 ഗ്രാം ക്രിസ്റ്റൽ എൻഡിഎംഎ കണ്ടെടുത്തു. അഞ്ച് ലക്ഷത്തോളം വില വരുന്നതാണ് ഇതെന്ന് പൊലീസ് പറയുന്നു.