കോട്ടയം കങ്ങഴയിൽ വീടിനു തീയിട്ട ശേഷം പെയിന്റിങ് തൊഴിലാളി ജീവനൊടുക്കി.
കോട്ടയം കങ്ങഴയിൽ വീടിനു തീയിട്ട ശേഷം പെയിന്റിങ് തൊഴിലാളി ജീവനൊടുക്കി .കങ്ങഴ നൂലുവേലി വാലുമണ്ണേൽപ്പടി എം.വി.ഹരിദാസ് (60) ആണു മരിച്ചത്.
ഇന്നലെ പുലർച്ചെ ഒന്നരയ്ക്കാണു സംഭവം. ഈ സമയം വീട്ടിൽ മറ്റാരുമില്ലായിരുന്നു. സ്‌ഫോടനശബ്ദം കേട്ട് അയൽക്കാർ ഉണർന്നെത്തിയപ്പോഴാണു ഹരിദാസിന്റെ വീടിന്റെ മേൽക്കൂര കത്തുന്നതു കണ്ടത്. ഉടൻ കറുകച്ചാൽ പൊലീസിൽ വിവരമറിയിച്ചു. പിന്നാലെ, പാമ്പാടിയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു. ഇതിനിടെ മുറ്റത്തെ പ്ലാവിൽ തൂങ്ങിമരിച്ച നിലയിൽ ഹരിദാസിനെ കണ്ടെത്തി.
വീട്ടിലെ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചാണു സ്‌ഫോടനം ഉണ്ടായതെന്നു പൊലീസ് പറഞ്ഞു. പാചകവാതക സിലിണ്ടർ വീട്ടിൽ നിന്നു മാറ്റിവച്ച ശേഷമാണ് ഇയാൾ തീയിട്ടത്. തീ മറ്റിടങ്ങളിലേക്കു പടരാതിരിക്കാൻ ചുറ്റും വെള്ളം നനച്ചിരുന്നു. വീട്ടുപകരണങ്ങളും വാതിലും ജനലും കത്തിനശിച്ചു.