ഫെയ്‌സ്ബുക്കിന്റേയും ഇന്‍സ്റ്റാഗ്രാമിന്റേയും മാതൃകമ്പനി മെറ്റയെ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി റഷ്യ.
മോസ്‌കോ: ഫെയ്‌സ്ബുക്കിന്റേയും ഇന്‍സ്റ്റാഗ്രാമിന്റേയും മാതൃകമ്പനിയും യുഎസ് ടെക്ക് ഭീമന്മാരുമായ മെറ്റയെ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി റഷ്യ. രാജ്യത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കുന്ന ഏജന്‍സിയാണ് മെറ്റയെ ഭീകരവാദ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. നേരത്തെ, ഫെയ്‌സ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും റഷ്യ നിരോധനം ഏര്‍പ്പെടുത്തിയുരുന്നു. യുക്രൈന്‍ യുദ്ധത്തിന് പിന്നാലെയാണ് ഫെയ്‌സ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും റഷ്യ രാജ്യത്ത് നിരോധനമേര്‍പ്പെടുത്തിയത്.
റഷ്യയില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചുകൊണ്ട് മെറ്റയുടെ ഹര്‍ജി മോസ്‌കോ കോടതി തള്ളുകയും ചെയ്തിരുന്നു. റഷ്യന്‍ മാധ്യമങ്ങള്‍ക്കും വിവര സ്രോതസുകള്‍ക്കും എതിരെ ഫെയ്‌സ്ബുക്ക് സ്വീകരിച്ച നടപടികളെ തുടര്‍ന്നാണ് റഷ്യന്‍ കമ്മ്യൂണിക്കേഷന്‍സ് ഏജന്‍സിയായ റോസ്‌കോമാട്‌സര്‍ ഫെയ്‌സ്ബുക്കിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതിന് മറുപടിയെന്നോണം റഷ്യയില്‍ മറ്റ നടത്തി വന്ന പരസ്യ വിതരണം കമ്പനി നിര്‍ത്തിവെച്ചിരുന്നു.
യുക്രൈനില്‍ റഷ്യ പോരാട്ടം കടുപ്പിച്ചതിനിടെയാണ് നീക്കം. യുക്രൈന്‍ തലസ്ഥാനമായ കീവിലുള്‍പ്പെടെ വിവിധ പട്ടണങ്ങളില്‍ റഷ്യയുടെ മിസൈല്‍വര്‍ഷം നടത്തിയിരുന്നു. ജൂണിനുശേഷമുണ്ടായ ഏറ്റവും തീവ്രമായ ആക്രമണത്തില്‍ തിങ്കളാഴ്ചമാത്രം 75 മിസൈലുകള്‍ പ്രയോഗിച്ചതായി റഷ്യയുടെ ഉന്നത സൈനികോദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഇറാന്‍ നിര്‍മിത ആളില്ലാ വിമാനങ്ങളും ആക്രമണത്തിന് ഉപയോഗിച്ചു. 11 പേര്‍ കൊല്ലപ്പെട്ടതായും 64 പേര്‍ക്ക് പരിക്കേറ്റതായും യുക്രൈന്റെ അടിയന്തര സേവനവിഭാഗം അറിയിച്ചു. പലയിടങ്ങളിലും വൈദ്യുതി, ജലവിതരണം തടസ്സപ്പെട്ടു. ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു.
ക്രൈമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കെര്‍ച് പാലം കഴിഞ്ഞദിവസം സ്‌ഫോടനത്തില്‍ തകര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് റഷ്യ ആക്രമണം കടുപ്പിച്ചത്. യുക്രൈന്റെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കുള്ള മറുപടിയാണിതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍ പറഞ്ഞു. അതിര്‍ത്തിയില്‍നിന്ന് 85 കിലോമീറ്റര്‍ അകലെയുള്ള കുര്‍സ്‌ക് ആണവ നിലയത്തിനുനേരെ യുക്രൈന്‍ മൂന്നുതവണ ആക്രമണം നടത്തിയെന്നും തുര്‍ക് സ്ട്രീം വാതക പൈപ്പ്‌ലൈന്‍ തകര്‍ക്കാന്‍ ശ്രമിച്ചെന്നും പുതിന്‍ ആരോപിച്ചിരുന്നു.