അക്രമകാരികളായ പേപ്പട്ടികളെ കൊല്ലാന്‍ അടിയന്തിര അനുമതി നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചു

Spread the love

ന്യൂഡല്‍ഹി: കേരളത്തിലെ അക്രമകാരികളായ പേപ്പട്ടികളെ കൊല്ലാന്‍ അടിയന്തിര അനുമതി നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചു. തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട വ്യക്തിഗത കേസുകള്‍ ഹൈകോടതിക്ക് മുമ്പാകെ ഉന്നയിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. അതെസമയം സംസ്ഥാനത്തെ തെരുവുനായ അക്രമങ്ങള്‍ തടയുന്നത്തിനുള്ള നിയമങ്ങളും ചട്ടങ്ങളുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികളില്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ വിശദമായ വാദം കേള്‍ക്കുമെന്നും വ്യക്തമാക്കി.
അക്രമകാരികളായ തെരുവുനായകളെ കൊല്ലാന്‍ അനുവദിക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വി.കെ.ബിജു ആവശ്യപ്പെട്ടു. എന്നാല്‍, ഈ ആവശ്യം ഇപ്പോള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.കെ.മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. തെരുവുനായകളെ വന്ധ്യംകരണം നടത്താന്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ സി.കെ.ശശി ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവിനെതിരെ പ്രത്യേക അനുമതി ഹര്‍ജി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.
തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിന് കേരള ഹൈക്കോടതിയില്‍ ജസ്റ്റിസുമാരായ ജയശങ്കര്‍ നമ്പ്യാര്‍, ഗോപിനാഥ് മേനോന്‍ എന്നിവര്‍ അടങ്ങിയ പ്രത്യേക ബെഞ്ച് രൂപീകരിച്ചിട്ടുണ്ടെന്ന് സീനിയര്‍ അഭിഭാഷകന്‍ വി.ചിദംബരേഷ് കോടതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട വ്യക്തിഗത കേസുകള്‍ ഈ ബെഞ്ചിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. നിയമം ലംഘിച്ച് നായകള്‍ക്കെതിരെ അക്രമം ഉണ്ടായാല്‍ അതിനെതിരേയും പരാതിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
കേരളത്തില്‍ ഒരോ വര്‍ഷവും നായയുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടുന്നതായി ജസ്റ്റിസ് സിരിജഗന്‍ സമിതി റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ പ്രശ്‌നം പ്രത്യേകതയുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേരളമുള്‍പ്പടെ രാജ്യത്ത് കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ ഉണ്ടായ തെരുവുനായ ആക്രമണങ്ങളുടെ കണക്ക് സമര്‍പ്പിക്കാന്‍ മൃഗക്ഷേമ ബോര്‍ഡിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. തെരുവുനായ ആക്രമണങ്ങള്‍ നേരിടുന്നതിനുള്ള നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ ബോര്‍ഡിനോട് കോടതി ആവശ്യപ്പെട്ടു.
തെരുവുനായ അക്രമങ്ങള്‍ സംബന്ധിച്ച വിവിധ വിഷയങ്ങള്‍ പരിഗണിക്കാന്‍ സുപ്രീംകോടതി രൂപീകരിച്ച ജസ്റ്റിസ് സിരിജഗന്‍ സമിതി കൈമാറിയ റിപ്പോര്‍ട്ടിനോട് എതിര്‍പ്പുള്ളവര്‍ അക്കാര്യം സത്യവാങ്മൂലത്തിലൂടെ അറിയിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. കേസിലെ വിവിധ ഹര്‍ജിക്കാര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ പി.വി.സുരേന്ദ്ര നാഥ്, വി.ഗീത, എം.കെ.അശ്വതി എന്നിവര്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *