മനസാക്ഷിയെ മരവിപ്പിക്കുന്ന വെളിപ്പെടുത്തല്‍: നരബലിക്ക് ശേഷം സ്ത്രീകളുടെ മാംസം കറിവെച്ചു കഴിച്ചതായി ലൈലയുടെ വെളിപ്പെടുത്തല്‍
കൊച്ചി: ഇലന്തൂർ നരബലി കേസിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. രണ്ട് സ്ത്രീകളെയും കൊലപ്പെടുത്തിയ ശേഷം മാംസമെടുത്ത് കറിവെച്ച് കഴിച്ചെന്നാണ് ലൈല പൊലീസിന് മൊഴി നൽകിയതെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അതേസമയം, ലൈലയുടെ മൊഴിയിൽ ഇനിയും കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന നിലപാടിലാണ് പൊലീസ്. ഇത് സംബന്ധിച്ച് ശാസ്ത്രീയ തെളിവുകൾ കൂടി ലഭിക്കേണ്ടതുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
പദ്മയുടെ മൃതദേഹം 56 കഷ്ണങ്ങളാക്കിയാണ് കുഴിച്ചിട്ടത്. പദ്മയുടെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. മൃതദേഹം തിരിച്ചറിയാൻ മകന് കഴിഞ്ഞില്ല. റോസ്ലിന്റെ മൃതദേഹം അഞ്ച് കഷ്ണങ്ങളാക്കിയാണ് കുഴിച്ചിട്ടത്. പത്മയുടെയും റോസ്ലിന്റെയും കുഴിമാടത്തിനരികിൽ മഞ്ഞളും രാമതുളസിയും നട്ടിരുന്നു.
ഇലന്തൂർ നരബലി കേസിൽ മൂന്നു പ്രതികളും അറസ്റ്റിലായെങ്കിലും തെളിവുകൾ പൂർണമായും പൊലീസിന് ശേഖരിക്കാൻ ആയിട്ടില്ല. പത്മത്തെ കൊലപ്പെടുത്താൻ ഉപയോഗിച്ച ചില ആയുധങ്ങൾ കൂടി കണ്ടെത്താൻ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇത് സഞ്ചിയിലാക്കി മരത്തിൽ കെട്ടിയിട്ടു എന്നായിരുന്നു പ്രതികൾ ആദ്യം പൊലീസിനോട് പറഞ്ഞത്. പിന്നീട് ഇവയിൽ ചിലത് വീടിനുള്ളിൽ നിന്ന് തന്നെ കണ്ടെത്തി. മൃതദേഹഭാഗങ്ങൾ വീടിനുമുന്നിൽ നിന്ന് കുഴിച്ചെടുക്കുമ്പോൾ ശരീരം മുറിക്കാൻ ഉപയോഗിച്ച സിമൻറ് കട്ടകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. തീരെ ചെറിയ ഭാഗങ്ങളായി മൃതദേഹം മുറിക്കാൻ ഉപയോഗിച്ചത് സർജിക്കൽ ബ്ലേഡ് ഉൾപ്പെടെയുള്ളവ ഉപയോഗിച്ചാണെന്നും ഇവ കണ്ടെത്താൻ ഉണ്ട് എന്നുമാണ് പൊലീസ് പറയുന്നത്. ഈ പരിശോധനകൾക്ക് വേണ്ടിയാകും പൊലീസ് ഇന്ന് വീണ്ടും ഇലന്തൂരിലെ വീട്ടിലേക്ക് എത്തുക.
ഇതിനുപുറമേ മുൻപും ഇത്തരത്തിലെ പൂജകൾക്ക് ആളുകളെ ഈ വീട്ടിൽ എത്തിച്ചിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതികൾക്ക് ഏതെങ്കിലും തരത്തിലുള്ള പ്രാദേശിക സഹായം കിട്ടിയിട്ടുണ്ടോ എന്നതും അന്വേഷണ വിഷയമാണ്. ഇക്കാര്യങ്ങൾ നിലവിൽ ആറന്മുള പോലീസ് ആണ് അന്വേഷിക്കുന്നത്