വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ കെട്ടിയിട്ട് മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.
പുത്തൂര്‍: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പട്ടികജാതി യുവതിയെ വിജനമായ പുരയിടത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കെട്ടിയിട്ട് മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. എസ്.എന്‍.പുരം ലാല്‍സദനില്‍ ലാലുമോന്‍ (34) ആണ് പിടിയിലായത്.
ഞായറാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. പുത്തൂരിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി ജോലികഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ആക്രമിക്കപ്പെട്ടത്.
പോലീസ് പറഞ്ഞത്: വീട്ടിലേക്കുള്ള യാത്രാമധ്യേ വിജനമായ റബ്ബര്‍പുരയിടത്തിന് അടുത്തെത്തിയപ്പോള്‍ യുവതിയെ ലാലുമോന്‍ തടഞ്ഞുനിര്‍ത്തി അടിക്കുകയും റബ്ബര്‍പുരയിടത്തിനുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോകുകയുമായിരുന്നു. തുടര്‍ന്ന് റബ്ബര്‍മരത്തില്‍ കെട്ടിയിടുകയും വായ്ക്കുള്ളില്‍ കരിയില കുത്തിത്തിരുകുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഫോണും എറിഞ്ഞുടച്ചു.
കെട്ടഴിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കവേ യുവാവ് പിന്നാലെയെത്തി വീണ്ടും പിടികൂടി. അതുവഴി നാട്ടുകാരനായ ഒരാള്‍ വന്നതോടെ ലാലു പിന്മാറുകയും യുവതി ഓടി രക്ഷപ്പെടുകയുമായിരുന്നു.
വീട്ടിലെത്തിയ യുവതി അമ്മയുമായി പുത്തൂര്‍ സ്റ്റേഷനിലെത്തി പരാതി നല്‍കിയശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. രാത്രി പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
നാലുമാസം മുമ്പ് ലാലു യുവതിയെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയെന്ന് പരാതി ലഭിച്ചിരുന്നതായി പോലീസ് പറഞ്ഞു. പുത്തൂര്‍ ഐ.എസ്.എച്ച്.ഒ. ജി.സുഭാഷ്‌കുമാര്‍, എസ്.ഐ.മാരായ ടി.ജെ.ജയേഷ്, മധുസൂദനന്‍ പിള്ള, സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ. ഒ.പി.മധു, സി.പി.ഒ. സന്തോഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.