ജ്യൂസ് കടയിൽ നടത്തിയ പരിശോധനയിൽ വൻ കച്ചവട രഹസ്യം പുറത്ത്.
കാസർകോട്: ജ്യൂസ് കടയിൽ നടത്തിയ പരിശോധനയിൽ വൻ കച്ചവട രഹസ്യം പുറത്ത്. ജ്യൂസ് കടയിൽ നിരോധിത പാൻ ഉൽപ്പന്നം വില്പന നടത്തിയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് മീനാപ്പീസിനടുത്ത് ‘ഹാരിസ് ബീച്ച് സ്റ്റോർ’ ജീവനക്കാരൻ മീനാപ്പീസ് കടപ്പുറത്തെ അബ്ദുൾ സത്താർ (48) ആണ് അറസ്റ്റിലായത്.
ഈ കടയിൽ ജ്യൂസ് കുടിക്കാനായി ദൂര സ്ഥലങ്ങളിൽ നിന്ന് പോലും വിദ്യാർഥികൾ അടക്കമുള്ളവർ എത്താറുണ്ടായിരുന്നു. ഇതിൽ സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ പരാതി നൽകി. ഇതേ തുടർന്ന് കട പൊലീസ് രഹസ്യ നിരീക്ഷണത്തിലായിരുന്നു.
ഇന്നലെ രാത്രി കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെയും ഇൻസ്പെക്ടർ കെ.പി. ഷൈനിന്റെയും നേതൃത്വത്തിൽ പൊലീസ് സംഘം നടത്തിയ പരിശോധനയിൽ കടയിലെ ജീവനക്കാരുടെ കൈയിൽ നിന്നും നിരോധിത പാൻ ഉൽപന്നമായ ‘കൂൾ’ കണ്ടെത്തി. കടയുടെ ലൈസൻസ് റദ്ദാക്കാൻ കാഞ്ഞങ്ങാട് നഗരസഭയോട് ആവശ്യപ്പെടുമെന്ന് ഡിവൈ.എസ്.പി അറിയിച്ചു.