ഇലന്തൂരിലെ നരബലി ഞെട്ടിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
ഇലന്തൂരിൽ രണ്ടു സ്ത്രീകളെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ട സംഭവം ഞെട്ടിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അത്യന്തം ക്രൂരവും ഭയപ്പെടുത്തുന്നതുമാണ്. കുറ്റക്കാർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
കൊച്ചി പൊന്നുരുന്നി സ്വദേശിയായ പത്മം, കാലടി സ്വദേശി റോസ്ലിൻ എന്നിവരാണ് കൊല്ലപ്പെട്ടത്. തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവൽ സിങ്, ഭാര്യ ലൈല എന്നിവർക്കു വേണ്ടിയാണ് പെരുമ്പാവൂർ സ്വദേശിയായ ഷാഫി എന്ന പേരിൽ അറിയപ്പെടുന്ന റഷീദ് ആണ് സ്ത്രീകളെ തട്ടിക്കൊണ്ടുപോയത്. ഭഗവൽ ആഭിചാരക്രിയ നടത്തുന്നയാളാണ്. തലയറുത്താണ് കൊല നടത്തിയത്. ശേഷം മൃതദേഹങ്ങൾ കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു.
പോസ്റ്റിന്റെ പൂർണരൂപം
ഇലന്തൂരിൽ രണ്ടു സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ട സംഭവം ഞെട്ടിക്കുന്നതാണ്. അത്യന്തം ക്രൂരവും ഭയപ്പെടുത്തുന്നതുമാണ്. കടവന്ത്രയിൽ രജിസ്റ്റർ ചെയ്ത മിസ്സിംഗ് കേസിലെ അന്വേഷണത്തിലൂടെയാണ് പോലീസ് ഈ ക്രൂരസംഭവത്തിന്റെ ചുരുളുകൾ അഴിച്ചത്. അതിശക്തമായിട്ടുള്ള നടപടി സ്വീകരിക്കും. പരിഷ്‌കൃത സമൂഹത്തിൽ ഉണ്ടാകാൻ പാടില്ലാത്ത സംഭവമാണിത്. ഞെട്ടിക്കുന്നതും ആലോചിക്കാൻ പോലും കഴിയാത്ത ക്രൂരകൃത്യമാണിത്. ശക്തവും മാതൃകാപരവുമായ നടപടിയുണ്ടാകും.