പത്തുകൊല്ലം മുമ്പെടുത്ത ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കാന്‍ ആധാര്‍ അതോറിറ്റി നടപടി തുടങ്ങി.
ആലപ്പുഴ: പത്തുകൊല്ലം മുമ്പെടുത്ത ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കാന്‍ ആധാര്‍ അതോറിറ്റി നടപടി തുടങ്ങി. തിരിച്ചറിയല്‍ രേഖയും വിലാസം തെളിയിക്കുന്ന രേഖയുമാണ് ഇതിനു വേണ്ടത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട് ജില്ലകളില്‍ പുതുക്കല്‍ തുടങ്ങി. ഡിസംബര്‍ ആദ്യവാരത്തോടെ എല്ലാ ജില്ലകളിലും തുടങ്ങും.
ആധാര്‍ നിലവില്‍വന്ന തുടക്കകാലത്ത് എടുത്തതിനുശേഷം മാറ്റമൊന്നും വരുത്താത്ത എല്ലാവരും പുതുക്കണമെന്നാണു നിര്‍ദേശം. ആദ്യകാലത്ത് മേല്‍വിലാസതിരിച്ചറിയല്‍ രേഖകളിലെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ചേര്‍ക്കുക മാത്രമാണു ചെയ്തിരുന്നത്. രേഖകള്‍ ഡിജിറ്റൈസ് ചെയ്യാന്‍ലക്ഷ്യമിട്ടാണിപ്പോള്‍ പുതുക്കുന്നത്.
പുതുക്കല്‍ നിര്‍ബന്ധമാക്കി ഉത്തരവിറക്കിയിട്ടില്ല. എങ്കിലും ആളുകള്‍ തയ്യാറായില്ലെങ്കില്‍ പുതുക്കല്‍ നിര്‍ബന്ധമാക്കിയേക്കുമെന്നാണു സൂചന. പേര്, വിലാസം, മൊബൈല്‍നമ്പര്‍ എന്നിവയിലെ മാറ്റങ്ങളും രേഖകള്‍ സമര്‍പ്പിക്കുന്നതിനൊപ്പം പുതുക്കാനാകും. ബയോമെട്രിക് വിവരങ്ങളും നല്‍കാം. അക്ഷയകേന്ദ്രങ്ങളിലെത്തിയോ ആധാര്‍ അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ കയറിയോ പുതുക്കാം. ഇതിനായി ആധാര്‍ സോഫ്റ്റ്‌വേര്‍ പരിഷ്‌കരിച്ചിട്ടുണ്ട്. പുതുക്കലിന്റെ നേട്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ആധാര്‍ അതോറിറ്റി പ്രാദേശികഭാഷകളില്‍ ബോധവത്കരണത്തിനായി പുറത്തിറക്കി.
പുതുക്കലിന്റെ നേട്ടങ്ങള്‍
ഒരുരാജ്യം ഒരുറേഷന്‍കാര്‍ഡ് പദ്ധതിപ്രകാരം രാജ്യത്തെവിടെനിന്നും റേഷന്‍ വാങ്ങാം.
1,000 സര്‍ക്കാര്‍ പദ്ധതികള്‍ എളുപ്പത്തില്‍ പ്രയോജനപ്പെടുത്താം.
ബാങ്ക് അക്കൗണ്ട് തുടങ്ങാനും സിം കാര്‍ഡ് ലഭിക്കാനും എളുപ്പം.
വിദ്യാര്‍ഥികള്‍ക്ക് വിവിധ സ്‌കോളര്‍ഷിപ്പുകള്‍ എളുപ്പത്തില്‍ കിട്ടും.
വായ്പയപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ബാങ്കുകള്‍ക്കു കഴിയും.
ഐ.ടി. റിട്ടേണുകള്‍ എളുപ്പത്തില്‍ ഇവെരിഫൈ ചെയ്യാം
സ്വന്തമായി ഓണ്‍ലൈന്‍ വഴി പുതുക്കാന്‍
myaadhar.uidai.gov.in എന്ന വെബ്‌സൈറ്റില്‍ ആധാര്‍നമ്പറും ഒ.ടി.പി.യും സഹിതം ലോഗിന്‍ ചെയ്യുക. തിരിച്ചറിയല്‍ രേഖയും വിലാസത്തിന്റെ തെളിവും അപ്‌ലോഡ് ചെയ്യുക. പേര്, ജനനത്തീയതി, ലിംഗം, വിലാസം എന്നിവ അപ്‌ലോഡ് ചെയ്യുന്ന രേഖകളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. ഓണ്‍ലൈനായി 25 രൂപ ഫീസടയ്ക്കണം. സബ്മിറ്റ് ചെയ്യുംമുമ്പ് നല്‍കിയ വിവരങ്ങള്‍ വീണ്ടും പരിശോധിക്കുക. അപേക്ഷയുടെ നില പരിശോധിക്കാന്‍ യു.ആര്‍.എന്‍. നമ്പര്‍ രസീത് ഡൗണ്‍ലോഡ് ചെയ്തുസൂക്ഷിക്കണം.
ആധാര്‍ കേന്ദ്രത്തില്‍ പുതുക്കാന്‍
തിരിച്ചറിയല്‍ രേഖയും മേല്‍വിലാസത്തിന്റെ തെളിവും അനുസരിച്ച് എന്റോള്‍മെന്റ് ഫോറം പൂരിപ്പിക്കുക, അപേക്ഷ സമര്‍പ്പിക്കുംമുമ്പ് വിവരങ്ങള്‍ സ്വയംപരിശോധിക്കുക. ഫീസായി 50 രൂപ നല്‍കണം. രസീതു സൂക്ഷിക്കുക. വിവരങ്ങള്‍ക്ക് 1947 എന്ന നമ്പറില്‍ വിളിക്കുകയോ help@uidai.gov.in എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുകയോ ചെയ്യാം.