നവജാതശിശുവിനെ കുഴിച്ച് മൂടിയെന്ന യുവാവിന്റെ വെളിപ്പെടുത്തൽ മുൾമുനയിൽ നിർത്തിയത് ഒരു രാത്രിയും പകലും.
നെയ്യാറ്റിൻകര: നവജാതശിശുവിനെ കുഴിച്ച് മൂടിയെന്ന യുവാവിന്റെ വെളിപ്പെടുത്തൽ മുൾമുനയിൽ നിർത്തിയത് ഒരു രാത്രിയും പകലും. മദ്യലഹരിയിൽ യുവാവ് നടത്തിയ വെളിപ്പെടുത്തൽ കാരണം കുഴിച്ചിട്ടെന്ന് പറഞ്ഞ സ്ഥലത്ത് രാത്രിയിൽ പോലീസ് കാവലിരുന്നു. ഒടുവിൽ ഫൊറൻസിക്കിന്റെയും വിരലടയാള വിദഗ്ധരുടെയും സഹായത്തോടെ അന്വേഷണം ആരംഭിച്ച പോലീസിന് കണ്ടെത്താനായത് രക്തക്കറപുരണ്ട തുണിമാത്രം. അതിനിടെ പ്രസവിച്ച യുവതിയും കുഞ്ഞും സർക്കാർ ആശുപത്രിയിൽ സുഖമായി കഴിയുന്നെന്ന വിവരം പുറത്തുവന്നതോടെ മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കു വിരാമമായി. വിവാദ വെളിപ്പെടുത്തൽ നടത്തിയ യുവാവിനെ പോലീസ് പിന്നീട് വിട്ടയച്ചു.
വെള്ളിയാഴ്ച രാത്രി മുതലാണ് നെയ്യാറ്റിൻകര പോലീസിനെയും നാട്ടുകാരെയും ആശങ്കയിലാക്കി മുള്ളറവിള സ്വദേശിയായ പ്രശാന്ത് വെളിപ്പെടുത്തൽ നടത്തിയത്. പ്രശാന്തിന്റെ സുഹൃത്ത് നെടുമങ്ങാട് സ്വദേശി പ്രേമിച്ച് വിവാഹം കഴിച്ച യുവതി പ്രസവിച്ച കുഞ്ഞിനെ നാല് ദിവസം മുൻപ് താനും സുഹൃത്തുക്കളും ചേർന്ന് കുഴിച്ചിട്ടെന്നാണ് വെളിപ്പെടുത്തിയത്. ഇതു കേട്ടുനിന്ന യുവാവ് ഉടനെ പോലീസിനെ വിവരം അറിയിച്ചു. തുടർന്നാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
സ്ഥലത്തെത്തിയ പോലീസ് വെളിപ്പെടുത്തൽ നടത്തിയ യുവാവിനെ കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് രാത്രി മുഴുവൻ പോലീസിനെ കാവൽനിർത്തി.
പ്രായപൂർത്തിയാകാത്ത വട്ടിയൂർക്കാവ് സ്വദേശിനിയായ പെൺകുട്ടിയെ നെടുമങ്ങാട് സ്വദേശിയായ യുവാവ് പ്രേമിച്ച് കല്യാണം കഴിച്ചെന്നും, ഈ പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ കുഴിച്ചിട്ടെന്നും പ്രശാന്ത് ചോദ്യം ചെയ്യലിൽ ആവർത്തിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് വട്ടിയൂർക്കാവ് സ്റ്റേഷനിൽ കേസുള്ള വിവരം കൂടി അറിഞ്ഞതോടെ പോലീസിന്റെ സംശയം ബലപ്പെട്ടു.