കൊച്ചി മയക്കുമരുന്ന് കടത്തിന് പിന്നില്‍ പാകിസ്ഥാനിലെ ലഹരി മാഫിയയെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ.
കൊച്ചി മയക്കുമരുന്ന് കടത്തിന് പിന്നില്‍ പാകിസ്ഥാനിലെ ലഹരി മാഫിയയെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. രാജ്യാന്തര ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്ന പാക്കിസ്ഥാനിലെ ‘ഹാജി സലിം ഡ്രഗ് നെറ്റ്വര്‍ക്ക്’ ആണ് കൊച്ചിയിലേക്ക് മഹരി മരുന്ന് കടത്തിയത്. ഇന്ത്യയിലേക്കു കടത്താന്‍ ശ്രമിച്ച 200 കിലോഗ്രാം ലഹരിമരുന്നാണ് നാവികസേനയുടെ സഹായത്തോടെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) പിടികൂടിയത്.
1200 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നു വില്‍പനയിലൂടെ കിട്ടുന്ന തുക ആര്‍ക്കുള്ളതായിരുന്നെന്ന് കണ്ടെത്തിയിട്ടില്ല. വെള്ളം കയറാത്ത 7 പാളികളുള്ള പ്ലാസ്റ്റിക് കവറിലാണ് ലഹരിമരുന്നു സൂക്ഷിച്ചിരുന്നത്. ലഹരിമരുന്നു പായ്ക്കറ്റുകളില്‍ കണ്ട തേള്‍, ഡ്രാഗണ്‍ മുദ്രകള്‍ അര്‍ഥമാക്കുന്നതെന്താണെന്നു കണ്ടെത്താനും എന്‍സിബി ശ്രമം തുടങ്ങി. പിടിക്കപ്പെട്ട ലഹരിമരുന്ന് ഏതെങ്കിലും ഭീകരസംഘടനകള്‍ക്കു വേണ്ടിയാണ് കടത്തിയതെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എന്‍സിബി ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സഞ്ജയ് കുമാര്‍ സിങ് വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനില്‍ നിന്നു പാക്കിസ്ഥാന്‍ വഴി കടത്തിയ ലഹരിമരുന്ന് പാതിവഴിയില്‍ ഇന്ത്യ, ശ്രീലങ്ക ബോട്ടുകളിലേക്ക് മാറ്റിക്കയറ്റാനാണ് പ്രതികള്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നത്. ലഹരി കടത്തിയ പാക്കിസ്ഥാന്‍ ബോട്ടും കാത്തുകിടന്ന ശ്രീലങ്കന്‍ ബോട്ടും കണ്ടെത്താനായിട്ടില്ല. തീരക്കടലില്‍ പിടിയിലായ 6 പേരും ഇറാന്‍ സ്വദേശികളാണെന്ന് സ്ഥിരീകരിച്ചു. ഇറാനിയന്‍ ഉരുവും കസ്റ്റഡിയിലെടുത്തു. തീരത്തു നിന്നും ഏതാണ്ട് 1200 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ഉരു കണ്ടെത്തിയത്.
പാക്കിസ്ഥാനില്‍ നിന്നു 400 കിലോഗ്രാം ലഹരിമരുന്ന് ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും കടത്തുന്നതായാണ് എന്‍സിബി ഇന്റലിജന്‍സിന് രഹസ്യവിവരം ലഭിച്ചത്. ഇതില്‍ 200 കിലോഗ്രാം ലഹരിമരുന്നാണ് പിടികൂടിയത്. പാക്കിസ്ഥാന്‍ ബോട്ടില്‍ കടത്തിക്കൊണ്ടുവന്ന ലഹരിമരുന്ന് പിന്നീട് ഇറാന്‍ ഉരുവിലേക്കു മാറ്റിക്കയറ്റുകയായിരുന്നു. ലഹരി കടത്തിലെ പാക് ബന്ധം മറയ്ക്കുന്നതിനായിരുന്നു ഈ തന്ത്രം. ഹാജി സലിം നെറ്റ്വര്‍ക്ക് കടത്തിയ ലഹരിമരുന്നു മുന്‍പു 2 തവണ എന്‍സിബി പിടികൂടിയിട്ടുണ്ടെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി.