ഐ.എസ്.എല്‍ ഒമ്പതാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ജയത്തോടെ തുടക്കം.

Spread the love

കൊച്ചി: ഐ.എസ്.എല്‍ ഒമ്പതാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ജയത്തോടെ തുടക്കം. കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ തകര്‍ത്തു.അഡ്രിയാന്‍ ലൂണയുടെയും ഈ സീസണില്‍ ടീമിലെത്തിയ യുക്രൈന്‍ താരം ഇവാന്‍ കലിയുഷ്‌നിയുടെയും ഗോളുകളാണ് ബ്ലാസ്‌റ്റേഴ്‌സിന് ജയമൊരുക്കിയത്.
ആദ്യ പകുതിയില്‍ കാര്യമായ നീക്കങ്ങളൊന്നും നടത്താതിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ ഇറങ്ങിയത് കൃത്യമായ ഗെയിം പ്ലാനോടെയായിരുന്നു. തുടര്‍ച്ചയായി ഈസ്റ്റ് ബംഗാള്‍ ഗോള്‍മുഖം ആക്രമിച്ച ബ്ലാസ്‌റ്റേഴ്‌സ് 71ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയിലൂടെ മുന്നിലെത്തി. ലൂണ ബോക്‌സിലേക്ക് ഓടിക്കയറുന്നത് കണ്ട് സ്വന്തം ഹാഫില്‍ നിന്ന് ഹര്‍മന്‍ജോത് ഖബ്ര നല്‍കിയ ലോങ് പാസാണ് ഗോളില്‍ കലാശിച്ചത്. പന്ത് കിടിലന്‍ ഫിനിഷിലൂടെ വലയിലെത്തിച്ച ലൂണ ആ ഗോള്‍ മരിച്ചുപോയ തന്റെ മകള്‍ക്കാണ് സമര്‍പ്പിച്ചത്.
ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റങ്ങള്‍ക്ക് കരുത്തേറുന്നതിനിടെ 79ാം മിനിറ്റില്‍ കോച്ച്, ഇവാന്‍ കലിയുഷ്‌നിയെ കളത്തിലിറക്കി. 81ാം മിനിറ്റില്‍ തന്റെ ആദ്യ ടച്ച് തന്നെ ഗോളാക്കി മാറ്റി ഇവാന്‍ കോച്ചിന്റെ വിശ്വാസം കാത്തു. ഇടതുഭാഗത്തു നിന്ന് പന്ത് സ്വീകരിച്ച് ഒറ്റയ്ക്ക് മുന്നേറിയ ഇവാന്‍ ഈസ്റ്റ് ബംഗാള്‍ താരങ്ങളെ വെട്ടിച്ച് പന്ത് വലയിലെത്തിക്കുകയായിരുന്നു.
ഇതിനിടെ 87ാം മിനിറ്റില്‍ അലക്‌സ് ലിമയിലൂടെ ഈസ്റ്റ് ബംഗാള്‍ ഒരു ഗോള്‍ തിരിച്ചടിക്കുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ ഇവാന്‍ തന്റെ രണ്ടാം ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ജയമുറപ്പിച്ചു.
ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ കമല്‍ജിത് സിങ്ങിന്റെ മികവാണ് ബ്ലാസ്റ്റേഴ്‌സിന് പലപ്പോഴും വിലങ്ങുതടിയായത്. ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ തുടക്കത്തിലും ലൂണയുടെ ഗോളെന്നുറച്ച രണ്ട് ഷോട്ടുകള്‍ കമല്‍ജിത് രക്ഷപ്പെടുത്തി. 49ാം മിനിറ്റില്‍ അപ്പോസ്‌തോലോസ് ജിയാനോവിന്റെ ഗോളെന്നുറച്ച ഷോട്ടും കമല്‍ജിത്ത് രക്ഷപ്പെടുത്തിയിരുന്നു.
ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും കാര്യമായ അലസരങ്ങളൊന്നും തന്നെ സൃഷ്ടിക്കാനായില്ല. ഏഴാം മിനിറ്റില്‍ തന്നെ ഈസ്റ്റ് ബംഗാള്‍ താരം അലക്‌സ് ലിമയുടെ ഗോളിലേക്കുള്ള ഗോള്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ പ്രഭസുഖന്‍ ഗില്‍ രക്ഷപ്പെടുത്തി.
11ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ജെസെല്‍ കാര്‍നെയ്‌റോ നല്‍കിയ ക്രോസില്‍ നിന്നുള്ള അപ്പോസ്‌തോലോസ് ജിയാനോവിന്റെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. മത്സരം ആദ്യ 30 മിനിറ്റിലേക്ക് പ്രവേശിക്കുന്നതിനിടെ ബ്ലാസ്റ്റേഴ്‌സ് താരം ദിമിത്രിയോസ് ഡയമന്റകോസിനെ ഇവാന്‍ ഗോണ്‍സാലസ് ഫൗള്‍ ചെയ്തത് ഇരു ടീമിലെ താരങ്ങളും തമ്മില്‍ മൈതാനത്ത് കൊമ്പുകോര്‍ക്കുന്നതിന് കാരണമായി. ഉടന്‍ തന്നെ റഫറി ഇടപെട്ട് രംഗം ശാന്തമാക്കി. ഇതിനു പിന്നാലെ രണ്ടാം പകുതിയിലും മൈതാനം ചെറിയ തോതിലുള്ള കയ്യാങ്കളിക്ക് സാക്ഷിയായി. രാഹുല്‍ കെ.പിയും ഈസ്റ്റ് ബംഗാള്‍ താരം ജെറിയുമാണ് മൈതാനത്ത് വെച്ച് ഏറ്റുമുട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *