ഇടുക്കിയിലെ പശ്ചിമഘട്ടമലനിരകളെ നീലപ്പട്ട് അണിയിച്ച് വീണ്ടുമൊരു നീലക്കുറിഞ്ഞി വസന്തം കൂടി.

Spread the love

ഇടുക്കിയിലെ പശ്ചിമഘട്ടമലനിരകളെ നീലപ്പട്ട് അണിയിച്ച് വീണ്ടുമൊരു നീലക്കുറിഞ്ഞി വസന്തം കൂടി. ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിലെ കള്ളിപ്പാറ മലനിരകളിലാണ് ഇത്തവണ നീലക്കുറിഞ്ഞി പുഷ്പിച്ചിരിക്കുന്നത്. കാഴ്ചയുടെ ഈ വര്‍ണവസന്തം തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന മലനിരകളിലാണ് ദൃശ്യമാകുന്നത്.

നീല പട്ടണിഞ്ഞു ശീതകാലത്തെ വരവേല്‍ക്കുകയാണ് ശാന്തന്‍പാറയിലെ കള്ളിപ്പാറ മലനിരകള്‍. ശാന്തന്‍പാറയില്‍ നിന്നും മൂന്നാര്‍ -തേക്കടി സംസ്ഥാനപാതയിലൂടെ ആറ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കള്ളിപ്പാറ എന്ന കൊച്ചുഗ്രാമത്തില്‍ എത്തിച്ചേരാം. ഇവിടെ നിന്നും ഒന്നര കിലോമീറ്റര്‍ മലകയറിയാല്‍ നീലവസന്തത്തിന്റെ മായാജാലം കണ്‍മുന്നില്‍ വിടരുകയായി. ഒപ്പം അതിര്‍ത്തി മലനിരകളുടെയും, ചതുരംഗപ്പാറ കാറ്റാടിപ്പാറയുടെയും കാഴ്ച്ചവട്ടങ്ങള്‍ തൊട്ടടുത്ത് നിന്ന് ആസ്വദിക്കാനാകും.

2020 -ല്‍ ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിന്റെ തോണ്ടിമലയിലും വ്യാപകമായി നീലകുറിഞ്ഞികള്‍ പൂത്തിരുന്നു. പഞ്ചായത്തിലെ തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന മലനിരകളില്‍ നീല വര്‍ണം നിറയ്ക്കുകയാണ് കുറിഞ്ഞി വസന്തം.

അഞ്ച് ഏക്കറിലധികം വ്യാപിച്ചു കിടക്കുന്ന മനോഹര ദൃശ്യം സഞ്ചാരികളില്‍ അധികമാരും അറിഞ്ഞിട്ടില്ല. ഒന്നരകിലോമീറ്ററോളം കാനന പാതയിലൂടെയും പുല്‍മേടുകളിലൂടെയും സഞ്ചരിച്ചാല്‍ മാത്രമേ ഇവിടേക്കെത്താനാകൂ. കള്ളിപ്പാറയില്‍ നിന്നും ഓഫ് റോഡ് ജീപ്പ് സഫാരിയും ലഭ്യമാണ്. കോവിഡ് കാലവും പ്രളയവും എല്ലാം സഞ്ചാരികളില്‍ നിന്നും മറച്ചുപിടിച്ച ഇടുക്കിയുടെ നീലവസന്തം വീണ്ടും വിടരുകയാണ് ഈ മലനിരകളില്‍.

Leave a Reply

Your email address will not be published. Required fields are marked *