ഫണ്ട് വെട്ടിപ്പ് തടയണമെന്ന നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ വിദ്യാർഥികളുടെ അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്.
ന്യൂഡൽഹി: ഫണ്ട് വെട്ടിപ്പ് തടയണമെന്ന് ആവസ്യപ്പെട്ടുകൊണ്ട് നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ വിദ്യാർഥികളുടെ അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്. സ്ഥിരം അധ്യാപകരെ നിയമിക്കണമെന്നും, ഫണ്ട് വെട്ടിപ്പ് തടയണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.
ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പോലും തടസ്സപ്പെടുത്തുന്ന തരത്തിലാണ് അധികൃതരുടെ നീക്കങ്ങള്‍ എന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചിരിക്കുന്നത്.
പതിനഞ്ചില്‍ കൂടുതല്‍ അധ്യാപകരുടെ ഒഴിവുള്ള സ്ഥാപനത്തില്‍ നിലവില്‍ 6 അധ്യാപകര്‍ മാത്രമാണ് ഉള്ളത്. ഭൂരിഭാഗവും പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ ഒരാള്‍ പോലും സ്ത്രീ ഇല്ല എന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നു.
പുറത്തു നിന്നുള്ള അധ്യാപര്‍ക്ക് വേതനം നല്‍കുന്നില്ലെന്നും ,വിദ്യാര്‍ത്ഥി പ്രൊഡക്ഷന്റെ ഫണ്ട് പഠനത്തെ ബാധിക്കുന്ന തരത്തില്‍ വെട്ടി കുറച്ചു എന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
മുന്‍പും പലതവണ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നെങ്കിലും അധികൃതര്‍ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. ചെയര്‍പേഴ്‌സണ്‍ പരേഷ് റാവല്‍ വിദ്യാര്‍ത്ഥികളുമായി നേരിട്ട് ചര്‍ച്ച നടത്തി. പ്രശ്‌നങ്ങള്‍ പരിഹരിക്കുംവരെ സമരം തുടരാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.