സില്‍വര്‍ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്
സില്‍വര്‍ലൈന്‍ പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് ചുമതലപ്പെടുത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. ഡപ്യൂട്ടി കലക്ടറും തഹസില്‍ദാറും അടക്കം 25 ഉദ്യോഗസ്ഥരുടെ കാലാവധിയാണ് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയത്. ഉത്തരവിന് ഓഗസ്റ്റ് 18 മുതല്‍ മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കും.
സാമൂഹികാഘാത പഠനം പുനരാരംഭിക്കാനുള്ള നടപടികള്‍ മന്ത്രിസഭാ യോഗം പരിഗണിക്കാനിരിക്കെയാണ് ഭൂമി ഏറ്റെടുക്കലിന് ചുമതലപ്പെടുത്തിയ റവന്യു ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. ഡെപ്യൂട്ടി കലക്ടര്‍ അടക്കം വിവിധ തസ്തികകളിലായി 25 ഉദ്യോഗസ്ഥരുടെ കാലാവധിയാണ് മുന്‍കാല പ്രാബല്യത്തോടെ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയത്.
മെയ് പകുതിയോടെ നിര്‍ത്തിയ സര്‍വെ നടപടികള്‍ വീണ്ടും തുടങ്ങാനും തീരുമാനമായിട്ടുണ്ട്. സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജന്‍സികളുടെ കാലാവധി പുതുക്കി നല്‍കുന്നതിനുള്ള തീരുമാനം അടുത്ത് ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും. മഞ്ഞ കുറ്റികള്ക്ക് പകരം ജിയോ ടാഗിംഗ് വഴി അതിരടയാളമിടുന്നതിന് തീരുമാനിച്ചെങ്കിലും എതിര്‍പ്പു വന്നാല്‍ എന്ത് ചെയ്യുമെന്ന ചോദ്യം കെ റെയിലിനേയും സര്‍ക്കാരിനേയും കുഴക്കുന്നുണ്ട്. ഭൂവുടമകളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.