ഭാരത് ജോഡോ യാത്രയിൽ കേരളത്തിലെ പോലെ തന്നെ സവർക്കർ ഫ്‌ലെക്‌സ് കർണാടകത്തിലും വിവാദമായിരിക്കുകയാണ്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കേരളത്തിലെ പോലെ തന്നെ സവർക്കർ ഫ്‌ലെക്‌സ് കർണാടകത്തിലും വിവാദമായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഭാരത് ജോഡോ യാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ച സവർക്കറുടെ ഫോട്ടോയുള്ള ഫ്‌ലെക്‌സ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടത്.
കഴിഞ്ഞ ദിവസം മുതൽ കോൺഗ്രസിൻറെ രാഷ്ട്രീയ എതിരാളികൾ വ്യാപകമായി ഈ ഫ്‌ലെക്‌സിൻറെ ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. കോൺഗ്രസ് എംഎൽഎയായ എൻഎ ഹാരീസിൻറെ പേരിലുള്ള ഫ്‌ലെക്‌സിൽ മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും, കോൺഗ്രസ് കർണാടക പ്രസിഡൻറ് ഡികെ ശിവകുമാറിൻറെയും ചിത്രങ്ങൾ ഫ്‌ലെക്‌സിൽ ഉണ്ട്. ഒപ്പം രാഹുലിൻറെ ചിത്രവും ഉണ്ട്.
എന്നാൽ ഇത്തരത്തിൽ ഒരു ചിത്രം കോൺഗ്രസ് വച്ചിട്ടില്ലെന്നാണ് കർണാടക കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഭാരത് ജോഡോ യാത്രയുടെ വിജയം കുറയ്ക്കാൻ ചില വർഗ്ഗീയ കക്ഷികൾ സ്ഥാപിച്ച വ്യാജ ഫ്‌ലെക്‌സാണ് ഇതെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. ഇത്തരം പ്രചാരണങ്ങൾക്കെതിരെ നിയമനടപടി അടക്കം ആലോചിക്കുന്നതായി കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.