വടക്കഞ്ചേരിയിൽ സ്കൂൾ ടൂർ സംഘത്തിന്റെ ബസ് കെഎസ്ആർടിസി ബസിലിടിച്ചു; 9 മരണം, 40 പേർക്ക് പരിക്കേറ്റു
വടക്കഞ്ചേരിയിൽ സ്കൂൾ ടൂർ സംഘത്തിന്റെ ബസ് കെഎസ്ആർടിസി ബസിലിടിച്ചു; 9 മരണം, 40 പേർക്ക് പരിക്കേറ്റു.
പാലക്കാട്∙ സ്കൂൾ വിനോദയാത്രാ സംഘത്തിന്റെ ബസ് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിനു പിന്നിലിടിച്ച് 9 പേർ മരിച്ചു. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽനിന്ന് ഊട്ടിയിലേക്ക് 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ചു ചതുപ്പിലേക്കു മറിയുകയായിരുന്നു. ആകെ 40 പേർക്കു പരുക്കേറ്റു. 12 പേരുടെ നില ഗുരുതരമാണ്.
ആറു പുരുഷൻമാരും മൂന്നു സ്ത്രീകളും മരിച്ചിട്ടുണ്ട്. കെഎസ്ആർടിസി യാത്രക്കാരായ തൃശൂർ നടത്തറ കൊഴുക്കുള്ളി ഗോകുലം രോഹിത് രാജ് (24), കൊല്ലം വള്ളിയോട് വൈദ്യൻകുന്ന് ശാന്തിമന്ദിരം ഒ.അനൂപ് (22), സ്കൂൾ ജീവനക്കാരായ നാൻസി ജോർജ്, വി.കെ.വിഷ്ണു എന്നിവർ മരിച്ചവരിൽ ഉൾപ്പെടുന്നു.
വാളയാര്‍ വടക്കഞ്ചേരി മേഖലയിലെ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപം അർധരാത്രിയാണ് അപകടമുണ്ടായത്. കെഎസ്ആർടിസി ബസിലുണ്ടായിരുന്ന 3 പേരും ടൂറിസ്റ്റ് ബസിലെ 5 യാത്രക്കാരും മരിച്ചവരിൽ ഉൾപ്പെടുന്നു. അപകടസംഖ്യ ഉയർന്നേക്കാമെന്നു പൊലീസ് പറഞ്ഞു. 28 പേർക്കു നിസ്സാര പരുക്കുണ്ട്. പരുക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ഉൾപ്പടെ പ്രവേശിപ്പിച്ചു
41 വിദ്യാർഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമടക്കം വിനോദയാത്രാ സംഘം സഞ്ചരിച്ച ബസിലുണ്ടായിരുന്നത് 48 പേരാണ്. 26 ആണ്‍കുട്ടികളും 16 പെണ്‍കുട്ടികളും ഉൾപ്പെടുന്നു. 10, 11, 12 ക്ലാസുകളിലെ വിദ്യാർഥികളാണിവർ. മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിന്റെ പിന്നിലേക്കു പാഞ്ഞുകയറിയത്. കൊട്ടാരക്കര – കോയമ്പത്തൂർ കെഎസ്ആർടിസി ബസിൽ 49 യാത്രക്കാർ ഉണ്ടായിരുന്നു.
ഹരികൃഷ്ണൻ (22), അമേയ (17), അനന്യ (17), ശ്രദ്ധ (15), അനീജ (15), അമൃത (15), തൻശ്രീ (15), ഹൈൻ ജോസഫ് (15), ആശ (40), ജനീമ (15), അരുൺകുമാർ (38), ബ്ലസൻ (18), എൽസിൽ (18), എൽസ (18) എന്നിവർ ഉൾപ്പെടെ 16 പേരാണു പരുക്കേറ്റു തൃശൂരിലെ ആശുപത്രിയിലുള്ളത്.”