വളർത്തുനായയെ തല്ലിച്ചതച്ച യുവാക്കൾ അറസ്റ്റിൽ.
ബെംഗളൂരു: വളർത്തുനായയെ തല്ലിച്ചതച്ച യുവാക്കൾ അറസ്റ്റിൽ. കര്‍ണാടകയിലെ കെ.ആര്‍. പുരത്ത് ആണ് മൂന്ന് യുവാക്കൾ ചേർന്ന് വളർത്തു നായയെ തല്ലിച്ചതച്ചത്. നായ നിരന്തരം കുരയ്ക്കുന്നതില്‍ പ്രകോപിതരായാണ് ഇവര്‍ വടി ഉപയോഗിച്ച് നായയെ ക്രൂരമായി തല്ലിച്ചതച്ചത്.
രാഹുല്‍, രജിത്, രഞ്ജിത്ത് എന്നിവരെയാണ് കെ.ആര്‍. പുരം പോലീസ് അറസ്റ്റ് ചെയ്തത്. മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത തടയല്‍ ഉള്‍പ്പെടെയുള്ള ചട്ടപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇവരുടെ അയല്‍വാസിയായ ഗദ്ദികെപ്പ എന്നയാളുടെ നായയാണ് ക്രൂരമര്‍ദനത്തിന് ഇരയായത്. അടിയേല്‍ക്കുന്ന നായ കരയുന്നതും കേള്‍ക്കാം.
യുവാക്കളെ കാണുമ്പോള്‍ നായ നിരന്തരം കുരയ്ക്കാറുണ്ടായിരുന്നു. ഇതില്‍ പ്രകോപിതരായ യുവാക്കള്‍, നായയെ പിടിച്ചു കെട്ടിക്കൊണ്ടുവന്ന് മറ്റൊരിടത്തേക്ക് മാറ്റി. അവിടെവെച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നായയെ സമീപത്തെ ഒരു മൃഗാശുപത്രിയിലേക്ക് മാറ്റി. ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ മൃഗസ്‌നേഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികള്‍ക്കെതിരേ ശക്തമായ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.